കേരളത്തിലെ ജയിലുകളില്‍ രാസ ലഹരി സുലഭമാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

single-img
6 November 2022

കേരളത്തിലെ ജയിലുകളില്‍ രാസ ലഹരി സുലഭമാണെന്ന് ബ്രൌണ്‍ഷുഗര്‍ കടത്തിയ കേസില്‍ 10 വര്‍ഷം ശിക്ഷ അനുഭവിച്ച്‌ പുറത്തിറങ്ങിയ പ്രതിയുടെ വെളിപ്പെടുത്തല്‍.

തടവുപുള്ളികളാണ് ജയില്‍ ഭരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ എല്ലാ ഒത്താശയും ചെയ്ത് തരാറുണ്ടെന്നുമാണ് തലശ്ശേരി സ്വദേശി കക്കന്‍ നൗഷാദ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ റോവിംഗ് റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരുമായി ധാരണയിലെത്തിയാണ് മിക്കയിടത്തും ലഹരിക്കച്ചവടമെന്നും നൌഷാദ് പറയുന്നു.

ബ്രൌണ്‍ ഷുഗര്‍ കുത്തിവെച്ച്‌ തലശ്ശേരി സ്വദേശി ഫര്‍ബൂല്‍ മരിച്ച സംഭവത്തില്‍ ഫര്‍ബൂലിന് ലഹരി എത്തിച്ചെന്ന ആരോപണം നേരിടുന്ന നൗഷാദാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടിന് ഫര്‍ബൂല്‍ മരിച്ച ദിവസം തലശ്ശേരിയിലെ പ്രധാന മയക്കുമരുന്ന് കച്ചവടക്കാരനായ കക്കന്‍ നൗഷാദിനെ നാട്ടുകാര്‍ ജനകീയ വിചാരണ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കണ്ണൂരില്‍ മാത്രം മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിനിടെ ആറ് പേര്‍ മരിച്ചെങ്കിലും ഒരു അന്വേഷണവും ഉണ്ടായില്ല. ബ്രൗണ്‍ ഷുഗര്‍ കടത്ത് കേസില്‍ 10 കൊല്ലം ജയിലില്‍ കിടന്ന നൗഷാദിന് മലബാറിലെ മയക്കുമരുന്ന് മാഫിയയുടെ എല്ലാ ഇടപാടുകളും അറിയാം. ഇതിനാലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം നൗഷാദിനെ അന്വേഷിച്ച്‌ ചെന്നത്. അയാള്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ കേട്ടാല്‍ ഞെട്ടല്‍ മാറില്ല.രാത്രിയായാല്‍ തലശ്ശേരി കടല്‍ പാലം കേന്ദ്രീകരിച്ച്‌ ഇന്നും മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ട്.

രണ്ട് വര്‍ഷത്തിനിടെ ബ്രൗണ്‍ ഷുഗര്‍ കുത്തിവച്ച്‌ ആറുപേര്‍ അഴിയൂര്‍, തലശ്ശേരി, എടക്കാട് മുഴപ്പിലങ്ങാട് ഭാഗങ്ങളില്‍ മരിച്ചു. ഒരു സംഭവത്തിലും മയക്കുമരുന്ന് എത്തിച്ച കണ്ണികളെ തൊടാന്‍ പൊലീസിന് കഴിഞ്ഞില്ല. തലശ്ശേരി സ്വദേശി ഫര്‍ബൂലിന്റെ കേസ് കുറച്ച്‌ വ്യത്യസ്തമാണ്. മയക്കുമരുന്ന് നേരത്തെ ഉപയോഗിക്കുന്ന ആളായിരുന്നെങ്കിലും പോസ്റ്റ് മോര്‍ട്ടത്തിലും രാസപരിശോധനയിലും ലഹരി ഉപയോഗിച്ചതിന്റെ തെളിവുണ്ടായിരുന്നില്ല. കൊല്ലപ്പെട്ട സമയത്ത് അയാളുടെ ദേഹത്ത് ചതഞ്ഞ പാടുകളുമുണ്ടായിരുന്നു. മയക്കുമരുന്ന് ഇടപാടുള്ള ഫര്‍ബൂലിന്റെ സുഹൃത്തുകള്‍ തര്‍ക്കത്തിന്റെ പേരില്‍ കൊലപ്പെടുത്തിയതാകാമെന്ന കുടുംബത്തിന്റെ ആരോപണം തലശ്ശേരി പൊലീസ് അന്വേഷിച്ച്‌ പോലുമില്ല.

ഗോപാലപ്പേട്ടയിലെ വീട്ടില്‍ ആമവാതം വന്ന് തളര്‍ന്ന കാലുമായി വേദനയില്‍ കഴിയുന്ന ഫര്‍ബൂലിന്റെ ഉമ്മയ്ക്ക് ഇതേക്കുറിച്ച്‌ പറയുമ്ബോള്‍ വാക്കുകള്‍ ഇടറുന്നു. ഫര്‍ബൂല്‍ മരിച്ചതോടെ ഹൈദരാബാദിലെ ജോലി മതിയാക്കി നാട്ടിലെത്തിയ അവന്റെ അനുജനാണ് ഇന്ന് ഈ കുടുംബത്തിന്റെ ഏറ്റവും വലിയ ദുഖം. നാട്ടിലെ കൂട്ടുകെട്ടില്‍ പെട്ട് അവനും ലഹരിക്കടിമയായി. അവനെ രക്ഷപ്പെടുത്താന്‍ മുട്ടാത്ത വാതിലുകളില്ലെന്ന് ഫര്‍ബൂലിന്റെ സഹോദരി ഫൈറൂസ പറയുന്നു. കേരളത്തില്‍ പലയിടങ്ങളിലായി ഇതുപോലുള്ള എത്രയെത്ര കുടുംബങ്ങളാണ് രാസലഹരിയുടെ പ്രത്യാഘാതങ്ങള്‍ നേരിടുന്നത്.