വീർ സവർക്കർ പുരസ്‌കാരം നിരസിച്ച് ശശി തരൂർ; ചടങ്ങിൽ പങ്കെടുക്കില്ല

കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ഡോ. ശശി തരൂർ വീർ സവർക്കർ ഇന്റർനാഷണൽ ഇംപാക്ട് അവാർഡ് നിരസിച്ചു. പുരസ്‌കാരത്തിനായി തന്റെ പേര് ഉപയോഗിച്ചത് താനുമായി ആലോചിക്കുകയോ അനുവാദം ചോദിക്കുകയോ ചെയ്യാതെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.എച്ച്ആർഡിഎസ് ഇന്ത്യയുടെ പ്രഥമ വീർ സവർക്കർ അന്താരാഷ്ട്ര പുരസ്‌കാരം ശശി തരൂരിന് ലഭിച്ചു എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് (ഡിസംബർ 10) ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ തരൂർ ഉൾപ്പെടെ ആറ് പ്രമുഖർക്ക് അവാർഡ് സമ്മാനിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, പുരസ്കാരം സ്വീകരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം എതിർപ്പ് അറിയിച്ചതിന് പിന്നാലെയാണ് തരൂർ നിലപാട് വ്യക്തമാക്കിയത്.കോൺഗ്രസ് നേതാവെന്ന നിലയിൽ സവർക്കറുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടും ദ്വിരാഷ്ട്രവാദത്തോടുമുള്ള തന്റെ വിയോജിപ്പ് അദ്ദേഹം മുമ്പ് പല വേദികളിലും തുറന്നുപറഞ്ഞിട്ടുള്ളതാണ്.
ഈ സാഹചര്യത്തിൽ പുരസ്‌കാരം സ്വീകരിക്കുന്നത് പാർട്ടിക്കുള്ളിലും പുറത്തും വലിയ ചർച്ചാവിഷയമായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങുന്നത് സംബന്ധിച്ച് പാർട്ടിയിൽ ആലോചന നടന്നിട്ടില്ലെന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്.
പുരസ്‌കാര സമർപ്പണത്തിന് ക്ഷണിച്ചുകൊണ്ട് വന്ന കത്ത് സ്വീകരിച്ചത് തന്റെ ഓഫീസാണെന്നും എന്നാൽ അതിനുശേഷം താനോ തന്റെ ഓഫീസിലെ ഉദ്യോഗസ്ഥരോ താൻ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർക്ക് ഒരു ഉറപ്പും നൽകിയിട്ടില്ലെന്നും തരൂർ അറിയിച്ചതായാണ് വിവരം. അനുമതിയില്ലാതെയാണ് പേര് പരസ്യപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, സവർക്കറുടെ ദ്വിരാഷ്ട്രവാദം മുസ്ലീം ലീഗിന്റെ പ്രമേയത്തിന് മൂന്ന് വർഷം മുൻപ് ഉയർന്നുവന്നതാണെന്ന് തരൂർ വിമർശിച്ചിട്ടുണ്ട്.


