ഷാരോൺ രാജിന്റെ മരണം കൊലപാതകം തന്നെ; മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചതായി പെൺകുട്ടി

single-img
30 October 2022

കഷായവും ജ്യൂസും കഴിച്ചതിനെ തുടർന്ന് തിരുവനന്തപുരം പാറശാലയിൽ നടന്ന ഷാരോൺ രാജിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ പെൺകുട്ടി തന്നെയാണ് കുറ്റം സമ്മതിച്ചത്. തനിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും അതിനാൽ കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നുമാണ് യുവതി ഇന്ന് പൊലീസിനോട് വെളിപ്പെടുത്തിയത്.

അതേസമയം, കേസിൽ ഇനിയും ചില കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്ന് പൊലീസ് പറയുന്നു. നിലവിൽ പെൺകുട്ടിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

മരണത്തിലെ ദുരൂഹത തുടർന്നതിനാൽ അന്വേഷണം ഇന്നലെ ജില്ലാ ക്രൈംഞ്ച്രാഞ്ച് ഏറ്റെടുത്തിരുന്നു. പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കളും ജ്യൂസ് വാങ്ങി നൽകിയ ബന്ധുവും ഉടൻ ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചിരുന്നു.