നിയമസഭാസ്പീക്കര്‍ എന്ന സ്ഥാനത്ത് തുടരാന്‍ ഷംസീറിന് ഇനി അര്‍ഹതയില്ല; മാപ്പ് പറയണമെന്ന് ആവര്‍ത്തിച്ച് എന്‍എസ്എസ്
സംസ്ഥാന നിയമസഭാസ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ ഗണപതി പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് വിശ്വാസികളോട് മാപ്പ് പറയണമെന്ന് ആവര്‍ത്തിച്ച് സാമുദായിക സംഘടനയായ എന്‍എസ്എസ്. നിയമസഭാസ്പീക്കര്‍ എന്ന സ്ഥാനത്ത് തുടരാന്‍ ഷംസീറിന് ഇനി അര്‍ഹതയില്ലെന്നും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തും വിധം നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറയണം. അല്ലാത്ത പക്ഷം സംസ്ഥാന സര്‍ക്കാര്‍ സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടി സ്വീകരിക്കണമെന്നും എന്‍ എസ് എസ് ആവശ്യപ്പെട്ടു.
എ എൻ ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ്, വിഷയത്തില്‍ മാപ്പും തിരുത്തുമില്ല എന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയെ പാര്‍ട്ടിസെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ വിശ്വാസികള്‍ കാണുന്നുള്ളൂ എന്നും എന്‍ എസ് എസ് പറഞ്ഞു.
മാത്രമല്ല, വിഷയത്തില്‍ സ്പീക്കറുടെ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമാണെന്നും ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകുന്നില്ലെന്നും എന്‍ എസ് എസ് പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയണമെന്നും സര്‍ക്കാരിന്‍റെ നിലപാടും ഇതുതന്നെയാണെങ്കില്‍ പ്രശ്‌ന പരിഹാരത്തിന് സമാധാനപരവും പ്രായോഗികവുമായ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ചുള്ള എന്‍എസ്എസ് നാമജപഘോഷ യാത്ര തിരുവനന്തപുരത്ത് നടന്നു.