ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്‌ഐയുടെ ബാനര്‍ നീക്കം ചെയ്യണം ; നിർദ്ദേശം നൽകി വൈസ് ചാന്‍സലര്‍

single-img
19 December 2023

ഗവര്‍ണര്‍ക്കെതിരെ തിരുവനന്തപുരം കേരള സര്‍വകലാശാലയില്‍ എസ്എഫ്‌ഐ സ്ഥാപിച്ച ബാനര്‍ അടിയന്തിരമായി നീക്കം ചെയ്യാന്‍ വൈസ് ചാന്‍സലര്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡോ. മോഹന്‍ കുന്നമ്മേല്‍ ആണ് രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സര്‍വകലാശാലയുടെ ക്യാമ്പസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍, ബോര്‍ഡ് എന്നിവ പ്രദര്‍ശിപ്പിക്കരുത് എന്നാണ് ഹൈക്കോടതി വിധി. ഇത് ലംഘിച്ചതായി ചൂണ്ടികാട്ടിയാണ് നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ ദിവസമായിരുന്നു എസ്എഫ്‌ഐ ബാനര്‍ സ്ഥാപിച്ചത്. ഇന്ന് തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് കേരള സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് ബാനര്‍ വിസിയുടെ ശ്രദ്ധയില്‍ പെട്ടത്. ഈ ബാനര്‍ അപകീര്‍ത്തികരമാണെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുമെന്നും രജിസ്ട്രാര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. അതേസമയം തങ്ങളുടെ ബാനര്‍ നീക്കം ചെയ്താല്‍ കൂടുതല്‍ ബാനറുകള്‍ കെട്ടുമെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചിട്ടുണ്ട്.