സെന്‍കുമാര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാട്; പാര്‍ട്ടിയുടെ നിലപാട് പറയേണ്ടത് ഞാൻ: രാജീവ് ചന്ദ്രശേഖര്‍

single-img
18 January 2026

ഹിന്ദു നാമധാരികളാണ് ഹിന്ദുത്വത്തിന്റെ ശത്രുക്കളെന്ന ടി.പി. സെന്‍കുമാറിന്റെ പ്രസ്താവനയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തള്ളി. സെന്‍കുമാര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കേണ്ടത് താനാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ശബരിമലയില്‍ നടന്ന സംഭവങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോറ്റി സോണിയയുടെ വീട്ടില്‍ പോയത് എന്തിനാണെന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പോറ്റി ഒരു ദല്ലാള്‍ മാത്രമാണെന്നും, അദ്ദേഹത്തിന് രാഷ്ട്രീയ പിന്തുണ ലഭിച്ചത് എവിടെ നിന്നാണെന്നത് കണ്ടെത്തേണ്ടതുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡില്‍ രാഷ്ട്രീയ സംസ്‌കാരം ആരംഭിച്ചത് ആര് എന്നതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയാന്‍ താത്പര്യമില്ലെന്നും പറഞ്ഞു. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു