സെനഗലിനെ തളയ്ക്കാൻ ആളില്ല; ബ്രസീലിന്റെ പരാജയം 4-2ന്

single-img
21 June 2023

തുടർച്ചയായുള്ള വിജയങ്ങളിലൂടെ മുന്നേറുന്ന സെനഗലിന് മുൻപിൽ മുട്ടുമടക്കി സൂപ്പർ ടീമായ ബ്രസീലും. സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സാദിയോ മാനെയുടെ ഇരട്ട ഗോൾ ബലത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീലിനെ ആഫ്രിക്കൻ വമ്പന്മാർ തകർത്തുവിട്ടത്. മത്സരത്തിലെ ആദ്യ പകുതിയിൽ ബ്രസീൽ മുൻതൂക്കം നിലനിർത്തി കളിച്ചെങ്കിലും രണ്ടാം പകുതിയിലേക്കു വന്നപ്പോൾ കളി കാനറിപ്പടയുടെ കൈകളിൽ നിന്ന് വഴുതി.

സെനഗലിനാവട്ടെ ഇതു തുടർച്ചയായ എട്ടാം ജയമാണ്. ഗോളിൽ പിന്നിൽ നിന്നതിനു ശേഷം തിരിച്ചുകയറി ബ്രസീലിനെ 11 വർഷത്തിന് ഇടയിൽ തോൽപ്പിക്കുന്ന ആദ്യ ടീമുമായി സെന​ഗൽ. പരിശീലകൻ ടിറ്റേയ്ക്ക് ശേഷമുള്ള ബ്രസീലിലേക്ക് ഉറ്റുനോക്കുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന ഫലമാണ് സെന​ഗലിന് എതിരെ വന്നത്. 11–ാം മിനിറ്റില്‍ വിനീസ്യൂസ് ജൂനിയറിന്റെ ക്രോസില്‍ നിന്ന് വല കുലുക്കി പക്വെറ്റ ബ്രസീലിനു മുന്‍തൂക്കം നൽകിയിരുന്നു.

പക്ഷെ 22-ാം മിനിറ്റിൽ ഹബിബ് ഡിയാലോയുടെ വോളിയിലൂടെ സെനഗൽ സമനില പിടിച്ചു. ആദ്യ പകുതി 1-1ന് സമനിലയിൽ പിരിഞ്ഞതിനു പിന്നാലെ, രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ട് വട്ടം വല കുലുക്കി സെനഗൽ ബ്രസീലിന്റെ ആത്മവിശ്വാസം കെടുത്തി.

മാർക്വിഞ്ഞോസിന്റെ സെൽഫ് ഗോളിലൂടെ 52–ാം മിനിറ്റിൽ സെനഗൽ ലീഡ് എടുത്തു. മാനെയിൽ നിന്നായിരുന്നു സെനഗലിന്റെ മൂന്നാമത്തെ ഗോൾ വന്നത്. കോർണറിൽ നിന്ന് മാർക്വിഞ്ഞോസ് വല കുലുക്കി ബ്രസീലിനെ 2-3 എന്ന നിലയിലെത്തിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ നിക്കൊളാസ് ജാക്സനെ ബ്രസീൽ ഗോൾ കീപ്പർ എഡേഴ്സൻ ഫൗൾ ചെയ്തതോടെ ലഭിച്ച പെനാൽറ്റി വലയിലാക്കി മാനെ ബ്രസീലിന്റെ മേൽ അവസാന ആണിയടിച്ചു.

ബ്രസീലിന്റെ മുന്നേറ്റ നിരയിൽ വിനീസ്യൂസ് മാത്രമാണ് തിളങ്ങിയത്. ഒരു അസിസ്റ്റിനൊപ്പം സെനഗൽ പ്രതിരോധത്തെ ആദ്യ പകുതിയിൽ അലോസരപ്പെടുത്താൻ വിനീസ്യൂസിനു കഴിഞ്ഞു. ബ്രസീലിന്റെ പ്രതിരോധ നിര പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ വന്നപ്പോള്‍ 19 ക്ലിയറൻസുകളാണ് സെനഗലിന്റെ ഭാഗത്ത് നിന്നുണ്ടായത്.