പിടികൂടിയ മദ്യം പങ്കുവെച്ചെടുത്തു; എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

single-img
28 March 2023

തൃശൂർ ജില്ലയിൽ പിടികൂടിയ മദ്യം എക്‌സൈസ് ഉദ്യോഗസ്ഥർ പങ്കുവെച്ചെടുത്ത കേസിൽ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. എക്‌സൈസ് സംഘം പിടികൂടിയ മദ്യം ഉദ്യോഗസ്ഥർ പങ്കുവെച്ചെടുക്കുകയും കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങി എന്നുമാണ് പരാതി.

ജില്ലയിൽ ചാവക്കാട് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഡി.വി. ജയപ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തത്.

ഈ ഉദ്യോഗസ്ഥരുടെ സംഘം ടാക്‌സി കാറിൽ പട്രോളിംഗ് നടത്തുമ്പോൾ മൂന്ന് ലിറ്റർ മദ്യവുമായി ഒരാളെ മുല്ലശേരിയിൽ നിന്ന് പിടികൂടിയിരുന്നു. ഈ മദ്യമാണ് പിന്നീട് ഉദ്യോഗസ്ഥർ പങ്കുവെച്ചെടുക്കുകയും കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങുകയും ചെയ്തത്. സംഭവത്തെ പറ്റിയുള്ള വിശദമായ അന്വേഷണത്തിന് എറണാകുളം ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിച്ചിട്ടുണ്ട്.