ഏപ്രിൽ രണ്ടാം വാരം; സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിൽ

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വേഗത്തിലാകുന്നു. ഇതിന്റെ ഭാഗമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും അടുത്ത മാസം കേരളത്തിലെത്തും. ഏപ്രിൽ രണ്ടാം വാരത്തോടെ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുന്നതിനുള്ള സാധ്യതകളാണ് കമ്മീഷൻ പ്രധാനമായും വിലയിരുത്തുന്നത്.
അതേസമയം, അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്തലുകൾ നടത്താനും പൊതുജനങ്ങളെ സഹായിക്കുന്നതിനായി പ്രാദേശികതലത്തിൽ മതിയായ സഹായക കേന്ദ്രങ്ങൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു.
ആവശ്യമുള്ള എല്ലാ സ്ഥലങ്ങളിലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങൾ സജ്ജീകരിക്കാനും, അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി. ഹിയറിംഗ് കേന്ദ്രങ്ങളിൽ ആവശ്യമായിടത്ത് വോളന്റിയർമാരുടെയും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെയും സേവനം ഉറപ്പാക്കും.
കൂടാതെ, പൊതുജനങ്ങൾക്ക് ഓൺലൈനായി അപേക്ഷാ ഫോമുകൾ സമർപ്പിക്കാനുള്ള സൗകര്യം എല്ലാ സഹായക കേന്ദ്രങ്ങളിലും ഒരുക്കും. വോട്ടർ പട്ടിക സംബന്ധിച്ച സേവനങ്ങൾക്ക് അക്ഷയ സെന്ററുകൾ ഈടാക്കുന്ന ഫീസ് ലഘൂകരിക്കുന്നതിനായി ഐ.ടി. വകുപ്പിനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.


