എൻസിഇആർടിയുടെ സിലബസ് പരിഷ്കരണത്തിൽ പ്രതിഷേധവുമായി ശാസ്ത്രഞ്ജരും അധ്യാപകരും

single-img
23 April 2023

എൻസിഇആർടിയുടെ കീഴിലുള്ള ശാസ്ത്രപുസ്തകത്തിലെ സിലബസ് പരിഷ്കരണത്തിൽ പ്രതിഷേധവുമായി ശാസ്ത്രഞ്ജരും അധ്യാപകരും. ഡാർവിൻ സിദ്ധാന്തമുൾപ്പടെ ഒഴിവാക്കിയ നടപടി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ശാസ്ത്രഞ്ജർ തുറന്ന കത്തെഴുതി. മുൻപ് ചരിത്രപുസ്തകത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയതിനെതിരെയും വിമർശനങ്ങളുയർന്നിരുന്നു.

എൻസിഇആർടിയുടെ പത്താംക്ലാസിലെ ഒമ്പതാമത്തെ പാഠഭാഗത്തിന്റെ പേര് ഹെറിഡിറ്റി ആന്റ് ഇവല്യൂഷൻ (പാരമ്പര്യവും പരിണാമവും) എന്നായിരുന്നു. ഇതിൽ പരിണാമം പൂർണമായും ഒഴിവാക്കി ഹെറിഡിറ്റി മാത്രമാക്കിയതിനെതിരെയാണ് പ്രതിഷേധം. ബ്രെയ്ക്ക്ത്രൂ സയൻസ് സൊസൈറ്റി എന്ന ശാസ്ത്രസമൂഹത്തിലെ അംഗങ്ങളായ ആയിരത്തിലധികം ശാസ്ത്രജ്ഞരും, അധ്യാപകരും ചേർന്നാണ് കത്തെഴുതിയത്.

ഡാർവിൻ സിദ്ധാന്തം പോലെ ശാസ്ത്രത്തിലെ പ്രധാന കണ്ടെത്തലുകൾ പാഠപുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയാണ് കത്തിൽ വ്യക്തമാക്കുന്നത്.

കേവലം ജീവശാസ്ത്ര വിഷയമായി പരിണാമ സിദ്ധാന്തത്തെ കാണാൻ കഴിയില്ലെന്നും വൈദ്യശാസ്ത്രം, മരുന്ന് നിർമ്മാണം, പരിസ്ഥിതി, മനശാസ്ത്രം തുടങ്ങിയ മേഖലകളിൽ സിദ്ധാന്തം അത്യന്താപേക്ഷിതമാണ് എന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു. വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ ലോകവീക്ഷണവും രൂപപ്പെടുത്തുന്നതിൽ പരിണാമ സിദ്ധാന്തത്തിനുള്ള പങ്ക് നിര്‍ണായകമാണ്.

അതിനാൽ ശാസ്ത്ര പുസ്തകങ്ങളില്‍ മതിയായ പ്രാധാന്യത്തോടെ ഇത് ഉൾപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഐഐടി, ഐസർ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പടെയുള്ള രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണിവരിൽ കൂടുതലും. ഡാര്‍വിൻ സിദ്ധാന്തം കൂടാതെ, ഭൂമിയിൽ ജീവന്റെ ഉത്പത്തി, മോളിക്യുലാർ ഫൈലോജെനി തുടങ്ങിയ പാഠഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.