ഫീസടക്കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അവസരം നിഷേധിച്ച്‌ സ്കൂള്‍ അധികൃതര്‍; ഒമ്ബതാം ക്ലാസുകാരി ജീവനൊടുക്കി

single-img
4 March 2023

ഫീസടക്കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ സ്കൂള്‍ അധികൃതര്‍ അവസരം നിഷേധിച്ചതോടെ 14കാരി ആത്മഹത്യ ചെയ്തു.

ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബറാബലിയിലെ സ്വകാര്യ സ്കൂളിലെ ഒമ്ബതാംക്ലാസുകാരിയാണ് മരിച്ച പെണ്‍കുട്ടി. മകള്‍ക്ക് ഫീസടക്കാന്‍ കഴിഞ്ഞില്ലെന്നും സ്കൂള്‍ അധികൃതര്‍ പരീക്ഷ എഴുതാന്‍ അവസരം നിഷേധിച്ചതുമാണ് മകളുടെ മരണത്തിന് കാരണമെന്ന് അച്ഛന്‍ അശോക് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. വിഷയം അന്വേഷിച്ചു വരികയാണെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് രാഹുല്‍ ബാട്ടി പറഞ്ഞു.

ഫീസടക്കാന്‍ കുറച്ച്‌ സമയം കൂടി സ്കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതവര്‍ നിരസിക്കുകയായിരുന്നു. പരീക്ഷ എഴുതാന്‍ അവസരം നിഷോധിച്ചതോടെ മകള്‍ തിരികെയെത്തി മരിക്കുകയായിരുന്നുവെന്ന് അശോക് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അധ്യാപകന്‍ പരസ്യമായി അവഹേളിച്ചതില്‍ മനം നൊന്ത് ഹൈദരാബാദില്‍ 16 കാരന്‍ ക്ലാസ് മുറിയില്‍ ജീവനൊടുക്കിയിരുന്നു. ഹൈദരാബാദ് നാര്‍സിംഗിയിലെ ശ്രീചൈതന്യ ജൂനിയര്‍ കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സാത്വിക് ക്ലാസ്മുറിയില്‍ തൂങ്ങിമരിച്ചത്. തുണി ഉണക്കാനുപയോഗിച്ചുള്ള നൈലോണ്‍ കയര്‍ ഉപയോഗിച്ചാണ് സാത്വിക് ആത്മഹത്യ ചെയ്തത്. പഠന ഭാരം താങ്ങാനാവുന്നില്ലെന്ന് വ്യക്തമാക്കി ആത്മഹത്യക്കുറിപ്പ് എഴുതിയതിന് ശേഷമായിരുന്നു വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്.

സംഭവത്തിന് പിന്നാലെ സ്കൂള്‍ അധികൃതര്‍ക്കും ഹോസ്റ്റല്‍ ജീവനക്കാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്ത് വരുന്നത്. കഴി‍ഞ്ഞ പരീക്ഷയില്‍ സാത്വികിന് മാര്‍ക്ക് കുറവായിരുന്നു. ഇതോടെ ഒരു അധ്യാപകന്‍ മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച്‌ അധ്യാപകന്‍ സാത്വികിനോട് മോശമായി പെരുമാറി. തന്നെ അപമാനിച്ചെന്ന് സാത്വിക് പ്രിന്‍സിപ്പല്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. എന്നാല്‍ പരാതി കൊടുത്തതിന് പിന്നാലെ അധ്യാപകന്‍ പ്രതികാര നടപടി തുടങ്ങിയെന്നും ഇതില്‍ മനം നൊന്താണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്നാണ് സഹപാഠികളും ബന്ധുക്കളും ആരോപിക്കുന്നത്.

മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികളെ മറ്റുള്ളവര്‍ക്കു മുന്നില്‍ വച്ചു പരസ്യമായി അടിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്നതിനെതിരെ നേരത്തെയും ഈ കോളേജിനെതിരെ ആക്ഷേപമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുദിവസം മുമ്ബ് രാത്രിയാണ് സാത്വിക് തുണി വിരിച്ചിടുന്ന കയറുപയോഗിച്ച്‌ സ്കൂളിലെ ക്ലാസ് മുറിയില്‍ തൂങ്ങി മരിച്ചത്. രാത്രി ക്ലാസിന് ശേഷം സാത്വികിനെ കാണാതായതോടെ തെരച്ചില്‍ നടത്തിയ വിദ്യാര്‍ത്ഥികളാണ് കൂട്ടുകാരനെ ജീവനൊടുക്കിയ നിലയില്‍ ആദ്യം കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.