മക്കയ്ക്ക് സമീപം ഡ്രോൺ ആക്രമണശ്രമമെന്ന് സൗദി; ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

single-img
16 September 2026

മക്കയ്ക്ക് സമീപം ഹൂതി ഡ്രോൺ തടഞ്ഞുനശിപ്പിച്ചെന്ന സൗദി അറേബ്യയുടെ റിപ്പോർട്ടിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. മക്കയുടെ പ്രത്യേക മതപരമായ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ സംഭവം ഏറെ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. സൗദി അറേബ്യയുടെ പരമാധികാരത്തിനെതിരായ ആക്രമണങ്ങളെയും സാധാരണക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികളെയും ഇന്ത്യ അപലപിച്ചു.

ചൊവ്വാഴ്ച വൈകിട്ട് മക്കയുടെ തെക്ക് ഭാഗത്ത് എത്തിയ ഡ്രോൺ വിശുദ്ധ നഗരത്തിന്റെ നിയന്ത്രിത വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് മുമ്പ് സൗദി വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞുനശിപ്പിച്ചതായാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചത്. സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാൽക്കി സംഭവത്തെ ഗുരുതരമായ സുരക്ഷാ ഭീഷണിയായി വിശേഷിപ്പിക്കുകയും രണ്ട് വിശുദ്ധ പള്ളികളുടെയും തീർഥാടകരുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

മക്കയെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ രണ്ടാമത്തെ ശ്രമമാണിതെന്നാണ് സൗദി സഖ്യസേനയുടെ ആരോപണം. 2017 ജൂലൈയിൽ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടന്നതായും സഖ്യസേന ചൂണ്ടിക്കാട്ടി. അതേസമയം, ഡ്രോൺ മക്കയെയോ മറ്റേതെങ്കിലും ഇസ്‌ലാമിക വിശുദ്ധ കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ടതല്ലെന്ന് ഹൂതികൾ നിഷേധിച്ചു.

സൗദി അറേബ്യൻ ഭൂപ്രദേശത്തിനെതിരായ ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്നതാണെന്ന് ഇന്ത്യ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന പ്രതീക്ഷയും ഇന്ത്യ പ്രകടിപ്പിച്ചു.

സംഭവത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷനും (OIC) അപലപിച്ചു. സൗദിയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും ഇസ്‌ലാമിക വിശുദ്ധ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾക്ക് സംഘടന പിന്തുണ അറിയിച്ചു.