ഇന്ത്യയെ രക്ഷിക്കാൻ ഇനി സഞ്ജുവിനെ കളിപ്പിക്കണം: സുരേഷ് റെയ്ന

single-img
26 November 2025

നിലവിലെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ മോശം ഫോമിനെ കുറിച്ച് വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും ഇന്ത്യ തോൽവിയുടെ വക്കിലെത്തിയിരിക്കുകയാണ്. പരിശീലകനായ ഗൗതം ഗംഭീറിന്റെ തന്ത്രങ്ങൾ ഫലപ്രദമല്ലെന്നത് ആരാധകരുടെ പൊതുവായ വിലയിരുത്തലാണ്. പരിശീലക സ്ഥാനത്തിൽ നിന്ന് അദ്ദേഹത്തെ നീക്കണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയരുന്നു.

വൺ-ഡൗൺ സ്ഥാനത്ത് വിശ്വാസത്തോടെ ഇറക്കാനാകുന്ന സ്ഥിരതയുള്ള ബാറ്റർ ടീമിൽ ഇപ്പോൾ ഇല്ലെന്നാണ് വിലയിരുത്തൽ. കെ. എൽ. രാഹുൽ, കരുൺ നായർ, വാഷിങ്ടൺ സുന്ദർ, സായ് സുദർശൻ എന്നിവരെ മൂന്നാം നമ്പറിൽ പരീക്ഷിച്ചെങ്കിലും ഒരാളും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ല.

ഇത്തരത്തിൽ, മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന മൂന്നാം നമ്പറിലെ ബാറ്റിംഗ് സ്ഥാനത്തിന് സഞ്ജു സാംസൺ ഏറ്റവും യോജിച്ചതാണെന്ന് അഭിപ്രായപ്പെട്ടു.

റെയ്നയുടെ വാക്കുകളിൽ:
“ശുഭ്മൻ ഗില്ലിനുമുമ്പ് ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരാളെക്കുറിച്ചാണ് ഇപ്പോൾ ഇന്ത്യ ആലോചിക്കുന്നത് എന്ന് തോന്നുന്നു. സായ് സുദർശനെയും വാഷിങ്ടൺ സുന്ദറിനേയും ഇന്ത്യ പരിശോധിച്ചു കഴിഞ്ഞു. മികച്ച കോമ്പിനേഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം. ശുഭ്മൻ ഗിൽ തിരിച്ചെത്തിയാൽ കാര്യങ്ങൾ ശരിയാകുമെന്ന് ഞാൻ കരുതുന്നു. എന്നാൽ ഈ ഘട്ടത്തിൽ മൂന്നാം നമ്പറിന് സഞ്ജു സാംസൺ മികച്ച ഓപ്ഷനാണ്. യശസ്വി ജയ്‌സ്വാൾക്കും കെ. എൽ. രാഹുലിനും ഓപ്പൺ ചെയ്‌താൽ പ്രശ്നമില്ല,” റെയ്ന പറഞ്ഞു.