രാജ്യസ്നേഹി ആയതുകൊണ്ടാണ് താന്‍ ശിക്ഷിക്കപ്പെടുന്നതെന്ന് സമീര്‍ വാംഖഡെ

single-img
14 May 2023

രാജ്യസ്നേഹി ആയതുകൊണ്ടാണ് താന്‍ ശിക്ഷിക്കപ്പെടുന്നതെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാംഖഡെ.

അഴിമതി ആരോപിച്ച്‌ വസതിയിലും ഓഫീസിലും സി.ബി.ഐ. റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് വാംഖഡെയുടെ ആരോപണം. ആഡംബര കപ്പലില്‍ ലഹരിവേട്ട നടത്തി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ അറസ്റ്റുചെയ്തത് വാംഖഡെ ആയിരുന്നു. കേസില്‍ ആര്യന്‍ ഖാനെ പിന്നീട് കോടതി കുറ്റവിമുക്തനാക്കി. കേസുമായി ബന്ധപ്പെട്ട് 25 കോടിരൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് വാംഖഡെയ്ക്ക് എതിരെയുള്ളത്.

ഭാര്യയും മക്കളും വീട്ടിലുണ്ടായിരിക്കേ 18 സി.ബി.ഐ. ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച വീട്ടില്‍ പരിശോധന നടത്തിയെന്ന് വാംഖഡെ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസ്നേഹിയായതിനാണ് ഈ പ്രതിഫലം. ഭാര്യയും മക്കളും വീടിനകത്തായിരിക്കേ, 18 സി.ബി.ഐ. ഉദ്യോഗസ്ഥര്‍ വന്ന് 12 മണിക്കൂറിലധികം നേരം വീടു പരിശോധിച്ചു. 23,000 രൂപയും നാല് സ്വത്തു സംബന്ധിച്ച രേഖകളും അവര്‍ കണ്ടെത്തി. ഈ സ്വത്തുക്കള്‍ താന്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുന്‍പുതന്നെയുള്ളതാണ്-വാംഖഡെ പറഞ്ഞു.

ഭാര്യ ക്രാന്തി റെഡ്കറിന്റെ കൈയില്‍നിന്ന് സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ഫോണ്‍ പിടിച്ചുവാങ്ങിയെന്നും പിതാവിന്റെയും സഹോദരിയുടെയും വീട്ടില്‍നിന്ന് 28,000 രൂപ വീതം പിടിച്ചെടുത്തെന്നും സമീര്‍ വാംഖഡെ ആരോപിക്കുന്നു. ഭാര്യവീട്ടില്‍വെച്ച്‌ വാംഖഡെയുടെ കൈയില്‍നിന്നായി 1,800 രൂപയും പിടിച്ചെടുത്തു.