ഇടത് കാലിന് പകരം വലതു കാലില്‍ ശസ്ത്രക്രിയ നടത്തിയെന്ന് ഡോക്ടര്‍ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് സജ്നയുടെ കുടുംബം

single-img
24 February 2023

ഇടത് കാലിന് പകരം വലതു കാലില്‍ ശസ്ത്രക്രിയ നടത്തിയെന്ന് കോഴിക്കോട് നാഷണല്‍ ആശുപത്രിയിലെ ഡോക്ടര്‍ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് സജ്നയുടെ കുടുംബം.

ചികിത്സാ പിഴവ് എന്ന പരാതി വന്ന ശേഷം മാനേജ്മെന്‍റ് നടത്തിയ ചര്‍ച്ചയിലാണ് ഇടത് കാലില്‍ ശസ്ത്രക്രിയ നടത്താന്‍ താന്‍ മുന്നൊരുക്കം നടത്തിയെന്ന് ഡോക്ടര്‍ പറയുന്നത്. അതേസമയം,മെഡിക്കല്‍ കോളേജിലെ തുടര്‍പരിശോധനയില്‍ ഇടത് കാലിന് തന്നെയാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നതെന്ന് വ്യക്തമായതായി സജ്നയുടെ മകള്‍ പറഞ്ഞു.

കാലു മാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതി വന്ന ദിവസം ആശുപത്രി മാനേജ്മെന്‍റ് നടത്തിയ ചര്‍ച്ചയുടെ ദൃശ്യങ്ങളാണ് സജ്നയുടെ കുടുംബം പുറത്തുവിട്ടത്. നാഷണല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി കൂടിയായ ഡോ. പി. ബെഹിര്‍ഷാന്‍ തെറ്റുപറ്റിയെന്ന് ഇതില്‍ സമ്മതിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.

സത്യത്തില്‍ ഇടതു കാലിന് വേണ്ടിയാണ് ഞാന്‍ മുന്നൊരുക്കം നടത്തിയത് . നിങ്ങള്‍ പറയുന്നതെല്ലാം ശരിയാണ് .
എനിക്ക് വേറൊന്നും പറയാനില്ല-ഇതാണ് വീഡിയോയില്‍ ഡോക്ടര്‍ ബെഹിര്‍ഷാന്‍ പറയുന്നത്


ഈ ദൃശ്യങ്ങള്‍ പൊലീസിനും കൈമാറി. ഡോക്ടറുടെ പിഴവ് മറയ്ക്കാന്‍ ചികിത്സാ രേഖകള്‍ എല്ലാം ആശുപത്രി മാനേജ്മെന്‍റ് തിരുത്തിയെന്ന പരാതി കുടുംബം ആവര്‍ത്തിക്കുന്നു.

നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ്ജ് വാങ്ങി, തുടര്‍ചികിത്സയ്ക്കായി സജ്നയെ മെ‍ഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ബന്ധുക്കള്‍ മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ ശസ്ത്രക്രിയ വേണ്ടത് ഇടത് കാലിന് തന്നെയാണെന്ന് വ്യക്തമായതായെന്നും മകള്‍ പറഞ്ഞു.

അശ്രദ്ധമായ ചികിത്സയ്ക്ക് നിസ്സാര വകുപ്പ് ചുമത്തിയാണ് ഡോ. ബെഹിര്‍ഷാനെതിരെ നടക്കാവ് പൊലീസ് ഇന്നലെ കേസെടുത്തത്. തുടര്‍ അന്വേഷണത്തില്‍ മാത്രമാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുക എന്ന് പൊലീസ് അറിയിച്ചു. അതേസമയം, ആരോഗ്യമന്ത്രിയുടെ നി‍ര്‍ദ്ദേശപ്രകാരം ഡിഎംഒയുടെ അന്വേഷണം തുടരുകയാണ്.