സൈതലവിയുടെ കുടുംബത്തിന് നഷ്ടമായത് 11 പേരെ, വിതുമ്ബലോടെ നാട്

single-img
8 May 2023

മലപ്പുറം: കളിച്ചു ചിരിച്ച്‌ ഉല്ലാസയാത്രയ്ക്ക് പോയവര്‍ ചേതനയറ്റ് മരവിച്ച ശരീരമായി വീട്ടിലേക്ക് എത്തിയപ്പോള്‍ ആകെ തകര്‍ന്ന നിലയിലായിരുന്നു താനൂര്‍ കുന്നുമ്മല്‍ സൈതലവി.

കുടുംബത്തിലെ 11 പേരാണ് താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചത്. ആഹ്ലാദം അലതല്ലിയ വീട് ഒറ്റരാത്രി കൊണ്ട് കണ്ണീര്‍ക്കടലായി മാറി.

പെരുന്നാള്‍ അവധിയോട് അനുബന്ധിച്ചാണ് സൈതലവിയുടെ സഹോദരങ്ങളായ കുന്നുമ്മല്‍ ജാബിര്‍, കുന്നുമ്മല്‍ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും കുടുംബവീട്ടില്‍ ഒത്തുചേര്‍ന്നത്. ഞായറാഴ്ച അവധി ദിവസമായതു കൊണ്ട് തന്നെ കുട്ടികളുടെ നിര്‍ബന്ധപ്രകാരമാണ് തൂവല്‍ത്തീരം സഞ്ചരിക്കാന്‍ തീരുമാനിക്കുന്നത്.

സൈതലവി തന്നെയായിരുന്നു ഇവരെ എല്ലാവരേയും കട്ടാങ്ങലില്‍ എത്തിച്ചത്. വീട്ടില്‍ നിന്ന് ഇറങ്ങുമ്ബോള്‍ തന്നെ സൈതലവി കുട്ടികളോടും ഭാര്യയോടും സഹോദര ഭാര്യമാരോടും ഒരു കാരണവശാലും ബോട്ടില്‍ കയറരുത് എന്ന് പറഞ്ഞിരുന്നു. ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന ഭാര്യയുടെ അവസാന ഫോണ്‍ കേട്ട് ഓടിയെത്തുമ്ബോഴേക്കും, മകളുടെ മൃതദേഹം വെള്ളത്തില്‍ നിന്ന് പുറത്തെടുക്കുന്ന കാഴ്ചയാണ് സൈതലവി കാണുന്നത്.

കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ, മകന്‍ ജരീര്‍, കുന്നുമ്മല്‍ സിറാജിന്റെ ഭാര്യ, മക്കളായ നൈറ, റുഷ്ദ, സഹറ, സൈതലവിയുടെ ഭാര്യ സീനത്ത്, മക്കളായ ഷംന, ഹസ്ന, സഫ്ന എന്നിവരാണ് മരിച്ചത്. പത്തു മാസം മാത്രം പ്രായമുള്ള സിറാജിന്റെ കുഞ്ഞും മരിച്ചു. ഇനി സൈതലവിയുടെ കുടുംബത്തില്‍ മാതാവും മൂന്ന് ആണ്‍മക്കളും പിന്നെ പരിക്കേറ്റ സഹോദരിയും മക്കളും അടക്കം എട്ട് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഓരോരുത്തരെയായി ചെറിയ വീടിന് മുറ്റത്തേക്ക് ഇറക്കിയപ്പോള്‍ നാടൊന്നാകെ വിതുമ്ബി. ചെറിയ വീട്ടില്‍ എല്ലാവരും തിങ്ങിപ്പാര്‍ക്കുന്നതിനാല്‍ പുതിയ വീട് നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലായിരുന്നു സൈതലവി. ഇതിനായി നിര്‍മ്മിച്ച തറയില്‍ പതിനൊന്നുപേരെയും കിടത്തി. ഇനി ഒത്തുചേരില്ലെന്ന തിരിച്ചറിവോടെ ഉറ്റവര്‍ക്ക് കുടുംബത്തില്‍ അവശേഷിക്കുന്നവര്‍ അന്ത്യയാത്ര ചൊല്ലി.