ശബരിമല സ്വര്‍ണക്കൊള്ള ; പത്മകുമാറിന്റെ വിദേശ യാത്രകളെ കുറിച്ച് അന്വേഷിക്കാന്‍ എസ്‌ഐടി

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ സിപിഎം മുന്‍ എംഎല്‍എയും നേതാവും ദേവസ്വം മുന്‍ പ്രസിഡന്റുമായ പത്മകുമാറിന്റെ വിദേശ യാത്രകള്‍ അന്വേഷിക്കാന്‍ തീരുമാനിച്ച് പ്രത്യേക അന്വേഷണ സംഘം. അറസ്റ്റിലായ എ പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് എസ്‌ഐടി പിടിച്ചെടുത്തു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരിക്കുമ്പോഴും അല്ലാതേയും എ പ്ത്മകുമാര്‍ നടത്തിയ വിദേശ യാത്രകള്‍ അവയുടെ ലക്ഷ്യം, കൂടിക്കാഴ്ചകള്‍ എന്നിവയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയിലുള്ളത്.
ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. കേസില്‍ ഒടുവിലായി അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എസ്‌ഐടി.
പത്മകുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. വീട്ടില്‍ നിന്ന് സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്. താന്‍ പ്രസിഡന്റാകുന്നതിന് മുമ്പ് തന്നെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ നല്ല സ്വാധീനമുണ്ടായിരുന്നുവെന്നാണ് പത്മകുമാറിന്റെ മൊഴി. താനെടുത്ത തീരുമാനങ്ങള്‍ക്ക് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ക്കും അറിവുണ്ടായിരുന്നുവെന്നും പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.


