ശബരിമല സ്വർണക്കൊള്ളക്കേസ്: ഉന്നതരുടെ പങ്ക് അന്വേഷിച്ച് എസ്‌ഐടി; കൂടുതൽ അറസ്റ്റുകൾ ഉടൻ

ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉന്നതരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം എസ്‌ഐടി കൂടുതൽ ഊർജിതമാക്കി. ഹൈക്കോടതിയുടെ കടുത്ത വിമർശനത്തിന് പിന്നാലെയാണ് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും മോഷ്ടിച്ച സ്വർണം വാങ്ങിയതായി കണ്ടെത്തിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കേസിൽ തുടർ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന. മോഷ്ടിച്ച സ്വർണത്തിന് നൽകിയ 15 ലക്ഷം രൂപയ്ക്കു പുറമെ, സ്പോൺസർഷിപ്പായി ഏകദേശം ഒന്നരക്കോടി രൂപ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിട്ടുണ്ടെന്ന് അറസ്റ്റിലായ ഗോവർധൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഈ തുക ഉണ്ണികൃഷ്ണൻ പോറ്റി ആരൊക്കെയ്ക്ക് കൈമാറിയെന്നതാണ് എസ്‌ഐടി ഇപ്പോൾ വിശദമായി പരിശോധിക്കുന്നത്.
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ വിമർശിച്ചിരുന്നു. ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന ശങ്കർദാസിനെയും വിജയകുമാറിനെയും കേസിൽ പ്രതിചേർക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. അന്വേഷണ സംഘത്തിന്റെ മെല്ലെപ്പോക്കിലും കോടതി സംശയം പ്രകടിപ്പിച്ചു. കേസിലെ പ്രതികളായ എൻ. വാസു, മുരാരി ബാബു, കെ. എസ്. ബൈജു എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലായിരുന്നു കോടതിയുടെ പരാമർശങ്ങൾ.
ഡിസംബർ അഞ്ചിന് ശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡ് കൂട്ടായ തീരുമാനങ്ങളാണ് എടുക്കുന്നതെന്നും, എ. പത്മകുമാറിനെപ്പോലെ തന്നെ ബോർഡ് അംഗങ്ങളായ ശങ്കർദാസിനും വിജയകുമാറിനും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇവരെ ഇതുവരെ പ്രതിചേർക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും, അന്വേഷണത്തിൽ വിവേചനം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.


