ശബരിമല കേസ് അന്വേഷണം കോൺഗ്രസിലേക്ക് തിരിയുന്നു; വഴിതിരിച്ച് വിടാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമല സ്വർണ മോഷണക്കേസിൽ പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങൾക്ക് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി ലഭിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ശരിയായ അന്വേഷണത്തെ വഴിതിരിച്ച് വിടാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും, എന്നാൽ എസ്.ഐ.ടി അന്വേഷണം ശരിയായ ദിശയിലാണെന്ന് വ്യക്തമാക്കി ഹൈക്കോടതി ആ നീക്കങ്ങൾ തള്ളിയതായും അദ്ദേഹം പറഞ്ഞു.
ശബരിമല കേസ് അന്വേഷണം കോൺഗ്രസിലേക്കാണ് നീങ്ങുന്നതെന്നും, അതിനാലാണ് അന്വേഷണത്തെ വഴിതിരിച്ച് വിടാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കമാണ് നടത്തുന്നതെന്നും, അദ്ദേഹം ജനങ്ങളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ശബരിമല സ്വർണ മോഷണക്കേസിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതിൽ ആശങ്ക വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എസ്.ഐ.ടി നടത്തുന്ന അന്വേഷണം ഏറ്റവും വിശ്വാസയോഗ്യമാണെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. എസ്.ഐ.ടി അന്വേഷണത്തെ വിമർശിച്ച് സഭ കലക്കിയ പ്രതിപക്ഷത്തിന് ഇത് വലിയ തിരിച്ചടിയാണെന്നും കോടതി നിരീക്ഷണം സൂചിപ്പിക്കുന്നു.


