അന്താരാഷ്‌ട്ര വേദിയിൽ ഉക്രെയ്ൻ പതാക തട്ടിപ്പറിച്ച് റഷ്യൻ പ്രതിനിധി; ഓടിച്ചിട്ട് തല്ലി ഉക്രെയ്ൻ എംപി

single-img
5 May 2023

അന്താരാഷ്‌ട്ര വേദിയിൽ ഉക്രെയ്ൻ ദേശീയ പതാക തട്ടിപ്പറിച്ച റഷ്യൻ പ്രതിനിധിയെ ഓടിച്ചിട്ട് തല്ലുന്ന ഉക്രെയ്ൻ എംപിയുടെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്ന ബ്ലാക്ക് സീ ഇക്കണോമിക് കമ്മ്യൂണിറ്റിയുടെ 61-ാമത് പാർലമെന്ററി സമ്മേളനത്തിലാണ് ഈ നാടകീയ രംഗങ്ങൾ അരേങ്ങറിയത്.

ഉക്രെയ്ൻ എംപി ഒലെക്‌സാണ്ടർ മാരിക്കോവ്‌സ്‌കിയുടെ കൈയിൽനിന്നു റഷ്യൻ പ്രതിനിധി ഉക്രെയ്ൻ പതാക തട്ടിപ്പറിച്ച് കൊണ്ട് പോകുന്നതാണ് വിഡിയോയുടെ തുടക്കത്തിലെ ദൃശ്യം. ഇതിനെ തുടർന്ന് റഷ്യൻ പ്രതിനിധിയെ പിന്തുടർന്ന് ഒലെക്‌സാണ്ടർ തല്ലുകയും പതാക തിരികെ വാങ്ങുകയും ചെയ്തു.

ഈ സമയം സമീപത്ത് നിന്നവർ ഒലെക്‌സാണ്ടറിനെ പിടിച്ച് മാറ്റുകയായിരുന്നു. റഷ്യൻ പ്രതിനിധിയുടെ പേരുവിവരങ്ങൾ ഇതു വരെ ലഭ്യമായിട്ടില്ല. ഇതിന്റെ ദൃശ്യങ്ങൾ ഒലെക്‌സാണ്ടർ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന പലരും ദൃശ്യങ്ങൾ ചിത്രീകരിച്ചു.

30 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ബ്ലാക്ക് സീ ഇക്കണോമിക് കമ്മ്യൂണിറ്റിയിൽ റഷ്യയും ഉക്രൈയ്നും അംഗങ്ങളാണ്. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയും വികസനത്തിനുമാണ് ഈ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്.