ഭരണാധികാരികള്‍ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് ഹൃദയം കൊണ്ടാണ്, തലച്ചോറ് കൊണ്ടല്ല: കെസി വേണുഗോപാല്‍

ഭരണഘടന അനുശാസിക്കുന്ന വിശ്വാസപ്രമാണങ്ങളെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടക്കുന്ന കാലത്ത് ഭരണാധികാരികള്‍ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് ഹൃദയം കൊണ്ടാണ്, തലച്ചോറ് കൊണ്ടല്ലെന്നും കെസി വേണുഗോപാല്‍ എംപി. മനുഷ്യരോടൊപ്പം എന്ന മഹനീയമായ മുദ്രാവാക്യമാണ് കേരള യാത്ര ഉയര്‍ത്തിപ്പിടിക്കുന്നത്.കേരള യാത്ര നാടിന്റെ വികസനത്തിന്റെ സന്ദേശങ്ങളും ഉയര്‍ത്തി പിടിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരളയാത്രയ്ക്ക് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിയുടെ പേര് പോലും പദ്ധതികളില്‍ നിന്ന് നീക്കം ചെയ്യാന്‍ മടി കാണിക്കാത്ത നടപടികള്‍ സങ്കടകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ചരിത്രത്തില്‍ നിന്ന് മുഗള്‍ ചരിത്രം മാത്രം ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.ഏതതരം തീവ്രവാദമായാലും അതിനെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കണമെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാറിന്റെ നിലപാട് വര്‍ത്തമാനകാലത്ത് അത്യന്തം പ്രസക്തമാണ്. സിലബസുകളിലും ചരിത്രത്തിലും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുകയും ചരിത്രത്തെ വളച്ചൊടിക്കുകയും ചെയ്യുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സഹോദരങ്ങളെപ്പോലെ കഴിയുന്ന മാതൃകാസ്ഥാനമാണ് നമ്മുടെ നാടെന്ന ഗുരുദേവന്റെ വചനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇടമാണ് കേരളം. വിഭാഗീയതയുടെ മതിലുകള്‍ കെട്ടി മനുഷ്യരെ പരസ്പരം തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലത്ത് മഹത്തരമായ മാനവിക സന്ദേശമാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ സമൂഹത്തിന് നല്‍കുന്നത്. മതം നോക്കി വിദ്യാലയങ്ങള്‍ അടച്ചുപൂട്ടിക്കുന്ന ഈ കാലത്ത്, വിദ്യാഭ്യാസം സാര്‍വ്വത്രികമായി, അര്‍ഹതപ്പെട്ട എല്ലാവരിലേക്കും എത്തിക്കണമെന്ന ചിന്തയോടെ തന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാവര്‍ക്കും തുറന്നുകൊടുത്തയാളാണ് കാന്തപുരം ഉസ്താദെന്നും വേണുഗോപാല്‍ പറഞ്ഞു.
ഐ.എസ്സിനെതിരായി ലോകത്തില്‍ ആദ്യമായി ഫത്വ പുറപ്പെടുവിച്ച മതപണ്ഡിതനാണ് കാന്തപുരം ഉസ്താദ്.വിദ്വേഷത്തിന്റെ മതിലുകള്‍ കെട്ടുന്നതിന് പകരം സ്‌നേഹത്തിന്റെ വാതിലുകള്‍ തുറക്കേണ്ടത് എന്നതാണ് ഉസ്താദിന്റെ നിലപാട്. യമനില്‍ തടങ്കലില്‍ കഴിയുന്ന നിമിഷപ്രിയ വിഷയത്തില്‍ മാനുഷിക പരിഗണനയോടെയുള്ള ഇടപെടലാണ് ഉസ്താദ് നടത്തിയതെന്നും കെസി വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു.


