ജാതീയ അധിക്ഷേപ പരാതിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല


കോട്ടയം : കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതീയ അധിക്ഷേപ പരാതിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല.
ജാതീയ അതിക്രമമാണ് വിദ്യാര്‍ഥികള്‍ നേരിടുന്നതെന്ന് രാധിക വെമുല പറഞ്ഞു. വിദ്യാര്‍ത്ഥി സമരത്തില്‍ താനും പങ്കെടുക്കും. സമരം ചെയ്യുന്ന ഓരോ വിദ്യാര്‍ത്ഥിയും തനിക്ക് രോഹിത്തിനെ പോലെയെന്നും രാധിക പറഞ്ഞു. രോഹിതിന്റെ ഏഴാം രക്തസാക്ഷി ദിനത്തില്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു രാധിക വെമുലയുടെ പിന്തുണ പ്രഖ്യാപനം.
അതേസമയം കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്ബുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് രണ്ടംഗ സമിതി സര്‍ക്കാരിന് നല്‍കിയതെന്നാണ് സൂചന.
പ്രവേശനത്തില്‍ മെറിറ്റ് അട്ടിമറിച്ചെന്ന പരാതിയിലടക്കം വിദ്യാര്‍ഥികളുടെ ഭാഗം ശരിവച്ചുളള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് മുന്നിലെത്തിയതെന്നാണ് വിവരം. വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി ക്യാമ്ബസ് അടച്ചിട്ടിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിനുളള സര്‍ക്കാര്‍ നടപടി ഈ ആഴ്ച തന്നെ ഉണ്ടായേക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തി എന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഒരു മാസത്തിലേറെയായി വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. സമരത്തിന് സിനിമ മേഖലയില്‍ നിന്ന് വലിയ പിന്തുണയും കിട്ടിയിരുന്നു.