വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കവര്‍ച്ച

single-img
30 April 2023

വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കവര്‍ച്ച. സ്വര്‍ണ കിരീടം, മാല, സുബ്രഹ്മണ്യന്റെ വേല്‍, 10000 രൂപ ഉള്‍പ്പെടെയുള്ളവയാണ് നഷ്ടപ്പെട്ടത്.

ഒരു ഭണ്ഡാരം പൊളിച്ച്‌ ഇതിലെ പണവും അപഹരിച്ചിട്ടുണ്ട്. മറ്റൊരു ഭണ്ഡാരം പൊളിക്കാന്‍ ശ്രമിച്ച നിലയിലാണുള്ളത്. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പൂജ കഴിഞ്ഞ് പൂജാരി താക്കോല്‍ ക്ഷേത്രത്തില്‍ തന്നെ വെച്ചതായിരുന്നു. അതുപയോഗിച്ച്‌ തുറന്നാണ് കവര്‍ച്ച നടത്തിയത്. അടുത്ത കാലത്തായി ഏറെ നവീകരണ പ്രവൃത്തികള്‍ നടത്തി വരുന്നതിനിടയിലാണ് കവര്‍ച്ച നടന്നിട്ടുള്ളത്. കമ്മിറ്റി ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് വടകര പൊലീസ് അന്വേഷണമാരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി തെളിവുകള്‍ ശേഖരിച്ചു.

സമാനമായ മറ്റൊരു സംഭവത്തില്‍ പനവൂര്‍ വെള്ളാഞ്ചിറ ആയിരവില്ലി ധര്‍മശാസ്താ ക്ഷേത്രത്തിലെ വാതിലുകള്‍ക്ക് തീയിട്ടശേഷം മോഷണശ്രമം നടന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. ക്ഷേത്രത്തിനു മുന്നില്‍ സൂക്ഷിച്ചിരുന്ന നിലവിളക്കുകളും തട്ടങ്ങളും സമീപത്തെ ചിറയിലേക്ക് എറിഞ്ഞ നിലയിലാണുള്ളത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.

ക്ഷേത്രത്തിനകത്ത് കയറിയ മോഷ്ടാവ് വിറകുകള്‍ കൂട്ടിയിട്ട് ശാസ്താവിന്റെയും ഗണപതിയുടെയും ശ്രീകോവിലുകളുടെ വാതിലുകള്‍ക്ക് തീയിടുകയായിരുന്നു. ക്ഷേത്രോത്സവം തുടങ്ങാനിരിക്കെയാണ് അക്രമം നടന്നത്. വാതിലുകള്‍ കത്തി നശിച്ചെങ്കിലും ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല എന്ന് ക്ഷേത്ര കമ്മിറ്റി വിശദമാക്കുന്നത്.

ഏപ്രില്‍ രണ്ടാം വാരത്തില്‍ പാലക്കാട് മാങ്കാവില്‍ക്ഷേത്ര പുനപ്രതിഷ്ഠയുടെ ഭാഗമായി നിര്‍മ്മിച്ച പീഠം തകര്‍ത്തെന്ന പരാതിയില്‍ കൊഴിഞ്ഞാമ്ബാറ എസ്.ഐ ദിനേശനെതിരെ മഹാമാരിയമ്മന്‍ ക്ഷേത്രം കമ്മറ്റിയുടെ പരാതിയില്‍ പാലക്കാട് നോര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. ക്ഷേത്രത്തിലെ താത്കാലിക പീഠം ഇരിക്കുന്ന സ്ഥലത്തിന്മേന്‍ ദിനേശനും ക്ഷേത്രം കമ്മറ്റിയും തമ്മില്‍ അവകാശത്തര്‍ക്കം നിലനിന്നിരുന്നു