സത്യഭാമക്കെതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി നൽകി

single-img
27 March 2024

ഒരു യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നർത്തകി കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ ചാലക്കുടി ഡിവൈ.എസ്.പിക്ക് പരാതി നൽകി. തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതി.

അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കി. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു സത്യാഭാമയുടെ ആക്ഷേപം.മോഹിനിയാകാൻ സൗന്ദര്യം വേണം..കറുത്ത കുട്ടികൾ മേക്കപ്പിട്ടാണ് മത്സരങ്ങളിൽ സമ്മാനം വാങ്ങുന്നത്.കറുത്ത നിറമുള്ളവരെ മോഹിനയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

അതിനുശേഷം വിവാദ പരാമർശത്തിന്‍റെ പേരിൽ അതിരൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ വ്യക്തമാക്കി. വ്യക്തിമപരമായി മാത്രമല്ല കുടുംബത്തേയും കടന്നാക്രമിക്കുകയാണ്. ആരേയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല പറഞ്ഞ കാര്യങ്ങൾ വ്യാഖ്യാനിച്ചതിലെ പ്രശ്നമാണെന്നുമാണ് എഫ്ബി പോസ്റ്റിൽ സത്യഭാമ വ്യക്തമാക്കുന്നത്. ആർഎൽവി രാമകൃഷ്ണനെതിരായ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നു എന്നായിരുന്നു നേരത്തെ സത്യഭാമയുടെ നിലപാട്