ബ്രിട്ടനില്‍ അടുത്ത പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഋഷി സുനകിന് പിന്തുണയേറുന്നു

single-img
23 October 2022

ലണ്ടന്‍ : ബ്രിട്ടനില്‍ അടുത്ത പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇന്ത്യന്‍ വംശജനും മുന്‍ ധനമന്ത്രിയുമായ ഋഷി സുനകിന് പിന്തുണയേറുന്നു.

നിലവില്‍ കണ്‍സര്‍വേറ്റീവ് നേതൃസ്ഥാന തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടത് ചുരുങ്ങിയത് 100 എം.പിമാരുടെ പിന്തുണയാണ്. ഋഷിയ്ക്ക് 114 എം.പിമാരുടെ പിന്തുണയുണ്ട്.

എന്നാല്‍, മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഋഷിയ്ക്ക് ശക്തനായ എതിരാളിയായി ഉയര്‍ന്നിരിക്കുകയാണ്. 50 എം.പിമാരാണ് ബോറിസിന് ഇതുവരെ പരസ്യ പിന്തുണ നല്‍കിയിട്ടുള്ളതെങ്കിലും അദ്ദേഹത്തിന് 100 ലേറെ എം.പിമാരുടെ പിന്തുണ ലഭിച്ചുകഴിഞ്ഞെന്നാണ് അടുത്ത വൃത്തങ്ങളുടെ അവകാശവാദം.

ഹൗസ് ഒഫ് കോമണ്‍സ് ലീഡര്‍ പെന്നി മോര്‍ഡന്റിന് 21ഉം എം.പിമാരാണ് ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ പെന്നി വെള്ളിയാഴ്ച തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. ഋഷിയും ബോറിസും ഇതുവരെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടനുണ്ടായേക്കുമെന്ന് കരുതുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് ആകെ 357 എം.പിമാരാണുള്ളത്.

ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചപ്പോള്‍ കരീബിയന്‍ അവധിയാഘോഷത്തിലായിരുന്നു ബോറിസ്. എന്നാല്‍ ഇന്നലെ അദ്ദേഹം ലണ്ടനിലേക്ക് തിരിച്ചെത്തിയതോടെ അദ്ദേഹവും പോരാട്ട ചിത്രത്തിലുണ്ടെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. മുന്‍ ഹോം സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ പ്രീതി പട്ടേല്‍ ബോറിസിന് പിന്തുണ പ്രഖ്യാപിച്ചു.

നാളെ ഇന്ത്യന്‍ സമയം വൈകിട്ട് 6.30 വരെയാണ് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള സമയം. എം.പിമാര്‍ക്കിടെയിലെ തിരഞ്ഞെടുപ്പിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടെയിലെ ഓണ്‍ലൈന്‍ വോട്ടിംഗിനും ശേഷം വെള്ളിയാഴ്ച വിജയിയെ പ്രഖ്യാപിക്കും.