റിങ്കു സിങിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പുതിയ വൈസ് ക്യാപ്റ്റനായി നിയമിച്ചു

single-img
24 March 2026

നേതൃനിര അടുത്ത തലമുറയിലേക്ക് മാറ്റുന്നതിന്റെ സൂചനകളുമായി ഐപിഎല്‍ പുതിയ സീസണിനു ഒരുങ്ങുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ആരാധകരുടെ പ്രിയപ്പെട്ട ഫിനിഷര്‍ റിങ്കു സിങിനെ കെകെആറിന്റെ പുതിയ വൈസ് ക്യാപ്റ്റനായി ടീം നിയമിച്ചു. വെറ്ററന്‍ താരവും നായകനുമയ അജിന്‍ക്യ രഹാനെയുടെ ഡെപ്യൂട്ടിയായി താരത്തെ കെകെആര്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരാധകര്‍ക്കായി ഒരുക്കിയ നൈറ്റ്‌സ് അണ്‍പ്ലഗ് പരിപാടിയിലാണ് പ്രഖ്യാപിച്ചത്.

‘ദൈവ പദ്ധതിയുടെ പുതിയ അധ്യായം’- എന്ന കുറിപ്പോടെ ടീം റിങ്കുവിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം എക്‌സ് പേജില്‍ ആഘോഷിച്ചു. 2018 മുതല്‍ കെകെആറിനൊപ്പമുള്ള റിങ്കു ബെഞ്ചില്‍ നിന്നു മധ്യനിരയുടെ ഹൃദയ താളമായി മാറിയ താരമാണ്. ഇന്ത്യയുടെ ടി20 ടീമില്‍ ഫിനിഷര്‍ റോളിലേക്കും കൊല്‍ക്കത്തയ്‌ക്കൊപ്പമുള്ള യാത്ര റിങ്കുവിനെ എത്തിച്ചിരുന്നു.

ഉത്തര്‍പ്രദേശിനായി ആഭ്യന്തര ക്രിക്കറ്റില്‍ മികവോടെ കളിച്ച റിങ്കുവിന്റെ തലവര മാറിയത് 2023ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവിശ്വസനീയ വിജയത്തിലേക്ക് കെകെആറിനെ നയിച്ചതോടെയാണ്. തുടരെ അഞ്ച് സിക്‌സുകള്‍ പറത്തിയാണ് താരം ടീമിനു ത്രില്ലര്‍ വിജയം സമ്മാനിച്ചത്.

ഈ പ്രകടനത്തോടെ താരം മധ്യനിരയിലെ രക്ഷപ്പെടുത്തല്‍ മനുഷ്യനായി രൂപാന്തരം പ്രാപിച്ചു. കഴിഞ്ഞ സീസണില്‍ താരം 206 റണ്‍സ് സ്‌കോര്‍ ചെയ്തു. അതോടെ ഈ സീസണില്‍ താരത്തെ കൊല്‍ക്കത്ത ടീമില്‍ തന്നെ നിലനിര്‍ത്തി. 13 കോടിയ്ക്കാണ് ടീം റിങ്കുവിനെ നിലനിര്‍ത്തിയത്. ഡെത്ത് ഓവറുകളില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 200നു മുകളിലാണ്. നിലവില്‍ ടി20 ഫോര്‍മാറ്റിലെ എണ്ണം പറഞ്ഞ ഫിനിഷര്‍മാരില്‍ ഒരാള്‍ കൂടിയാണ് റിങ്കു.