വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ വലതുപക്ഷ പ്രവര്‍ത്തകയായ കാജല്‍ ഹിന്ദുസ്ഥാനി അറസ്റ്റില്‍

single-img
10 April 2023

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ വലതുപക്ഷ പ്രവര്‍ത്തകയായ കാജല്‍ ഹിന്ദുസ്ഥാനിയെ (കാജല്‍ ഷിംഗാല) ഗിര്‍ സോമനാഥ് പോലീസ് അറസ്റ്റ് ചെയ്തു.

ഉന ടൗണില്‍ രാമനവമി ആഘോഷത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച്‌ കഴിഞ്ഞയാഴ്ച കേസെടുത്തതു മുതല്‍ കാജല്‍ ഒളിവിലായിരുന്നു. ഒടുവില്‍ കാജല്‍ ഞായറാഴ്ച ഉന ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മാര്‍ച്ച്‌ 30 ന് ഹിന്ദു വലതുപക്ഷ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) സംഘടിപ്പിച്ച രാമനവമി ആഘോഷത്തിനിടെ ന്യൂനപക്ഷ സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്.

കാജല്‍ ഹിന്ദുസ്ഥാനിയെ കൂടാതെ, കലാപം ഉണ്ടാക്കിയതിന് 76 പേര്‍ക്കെതിരെയും പേര് വെളിപ്പെടുത്താത്ത 200 പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കാജലിന്റെ പ്രസംഗത്തിന് തൊട്ടുപിന്നാലെ, പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. വഴിയാത്രക്കാര്‍ക്കും നേരെ കല്ലെറിയുകയും അക്രമണമുണ്ടാകുകയും ചെയ്തു. ജനക്കൂട്ടം വാഹനങ്ങളും തകര്‍ത്തു. താനൊരു സംരംഭകയും സാമൂഹിക പ്രവര്‍ത്തകയുമാണെന്ന് കാജല്‍ ഹിന്ദുസ്ഥാനി അവകാശപ്പെടുന്നു. ട്വിറ്ററില്‍ 86000 ഫോളോവേഴ്‌സ് ഉണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ കോട്ടയില്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്കുവേണ്ടി കാജല്‍ പ്രചാരണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.