നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികളോട് അടിവസ്ത്രത്തിന്‍റെ ഹുക്ക് അഴിച്ചുമാറ്റാനും വസ്ത്രം മാറ്റാനും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

single-img
9 May 2023

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികളോട് അടിവസ്ത്രത്തിന്‍റെ ഹുക്ക് അഴിച്ചുമാറ്റാനും വസ്ത്രം മാറ്റാനും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലുമാണ് നീറ്റ് പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാര്‍‌ത്ഥിനികള്‍ക്ക് തങ്ങള്‍ ധരിച്ചിരുന്ന വസ്ത്രം കൂടെ വന്ന രക്ഷിതാക്കളുമായി മാറേണ്ട അവസ്ഥ വരെയുണ്ടായതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിലരോട് ധരിച്ചിരുന്ന വസ്ത്രം പുറം തിരിച്ച്‌ ഇടാനും ദേഹപരിശോധനയിലുള്ള ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളില്‍ അടിവസ്ത്രം മാത്രമിട്ട് പരീക്ഷ എഴുതാനും വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധിതരായും ആരോപണമുണ്ട്.

സമൂഹ മാധ്യമങ്ങളിലാണ് ദുരനുഭവം നേരിട്ട വിവരം പരീക്ഷാര്‍ത്ഥികള്‍ പങ്കുവച്ചിട്ടുള്ളത്. ചിലര്‍ പരീക്ഷാ കേന്ദ്രത്തിന് സമീപത്തുള്ള കടകളില്‍ നിന്നും പുതിയ വസ്ത്രം വാങ്ങേണ്ട അവസ്ഥ നേരിട്ടതായും പരീക്ഷാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളില്‍ വിശദമാക്കുന്നു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഡ്രെസ് കോഡ് പാലിക്കാനായി ദേഹ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഇത്തരം സംഭവങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച്‌ നിരവധി പരാതികളാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് ലഭിച്ചിട്ടുള്ളത്. വനിതാ പരീക്ഷാര്‍ത്ഥികളോട് ഇത്തരം രൂക്ഷമായ ദേഹപരിശോധനാ നയം സ്വീകരിക്കരുതെന്ന് വ്യക്തമാക്കി നിര്‍ദ്ദേശം നല്‍കുമെന്നാണ് പരാതികളേക്കുറിച്ച്‌ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വിശദമാക്കുന്നത്.

സംഭവത്തില്‍ നിരവധി രക്ഷിതാക്കളും വിദ്യാര്‍ത്ഥിനികളും രൂക്ഷമായി പ്രതിഷേധവുമായി എത്തിയിട്ടുമുണ്ട്. ദീര്‍ഘകാലത്തെ പഠനത്തിന് ശേഷം പരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷയില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത സാഹചര്യം ഇത്തരം ദേഹപരിശോധനകള്‍ മൂലമുണ്ടാകുന്നുവെന്നാണ് വിമര്‍ശനം. 2022ലെ നീറ്റ് പ്രവേശന പരീക്ഷാ സമയത്ത് കൊല്ലം ആയൂരിലെ കോളേജില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായത് വന്‍ വിവാദമായിരുന്നു.

കൊല്ലത്തെ സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ ഏജന്‍സിയായ സ്റ്റാര്‍ സെക്യുരിറ്റി നിയോഗിച്ച മൂന്നുപേരെയും കോളജ് ശുചീകരണ ജീവനക്കാരായ രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. കോളജ് ശുചീകരണ ജീവനക്കാരായ ആയൂര്‍ സ്വദേശികളായ എസ് മറിയാമ്മ, കെ മറിയാമ്മ, സ്റ്റാര്‍ സെക്യൂരിറ്റി ജീവനക്കാരായ മഞ്ഞപ്പാറ സ്വദേശികളായ ഗീതു, ജോത്സന ജോബി, ബീന എന്നിവരാണ് അറസ്റ്റിലായത്. നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷ എഴുതും മുന്‍പ് തന്നെ നേരിടേണ്ടി വരുന്നത് കടുത്ത പരീക്ഷണങ്ങളെന്ന് വിശദമാക്കുന്നതാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍.