എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതിന് കാരണം രാഹുല്‍ ഗാന്ധിയുടെ അഹങ്കാരം മൂലം’; രാഹുലിനെതിരെ കേന്ദ്രമന്ത്രി

single-img
29 March 2023

ദില്ലി: എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതിന് കാരണം

രാഹുല്‍ഗാന്ധിയുടെ അഹങ്കാരമാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്.

ഒരു പ്രത്യേക കുടുംബത്തില്‍ ജനിച്ചതിനാല്‍ രാജ്യം ഭരിക്കുന്നത് ജന്മാവകാശമാണെന്നും രാഹുല്‍ കരുതുന്നതായും മന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

ഒബിസി സമുദായത്തെ അവഹേളിച്ചതില്‍ കോടതി ഒരു തീരുമാനമെടുക്കുന്നു. രാഹുല്‍ഗാന്ധി ഇന്ന് പറയുന്നത് കോടതി തെറ്റാണെന്നാണ്. രാജ്യംഭരിക്കുന്നത് ജന്മാവകാശമായാണ് രാഹുല്‍ കാണുന്നത്. അദ്ദേഹം അവകാശത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ചില കുടുംബങ്ങളില്‍ ജനിച്ചാല്‍ രാജ്യം ഭരിക്കുന്നത് ജന്മാവകാശമാണെന്നാണ് രാഹുല്‍ കരുതുന്നത്. കോടതിക്കും പാര്‍ലമെന്റിനും അപ്പുറമാണ് രാഹുലിന്റെ ചിന്തയെന്നും മന്ത്രി പറഞ്ഞു.

തനിക്കെതിരെ ഒരു കോടതിക്കും വിധി പറയാന്‍ കഴിയില്ലെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നത്. അയോഗ്യതയ്‌ക്കുള്ള ഭരണഘടനയിലെ വ്യവസ്ഥ തനിക്ക് ബാധകമാക്കേണ്ടതില്ലെന്നും രാഹുല്‍ കരുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും തങ്ങള്‍ എല്ലാറ്റിനും മുകളില്‍ ആണെന്നാണ് കരുതുന്നത്. തനിക്കെതിരെ എങ്ങനെ കോടതി നടപടി എടുക്കും എന്നാണ് കരുതുന്നത്. പ്രതിപക്ഷം ഒന്നിക്കുന്നത് സ്വാഭാവികമാണ്, അവര്‍ പരിഭ്രമിച്ചിരിക്കുകയാണ്. സവര്‍ക്കര്‍ എന്താണ് എഴുതിയത് എന്ന് രാഹുല്‍ പഠിക്കണമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിന് പിന്നാലെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഓഫീസിലുള്ളവര്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കി. വീട്ടു സാധനങ്ങള്‍ ഫാം ഹൗസിലേക്ക് മാറ്റാനാണ് തീരുമാനം. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് തന്‍റെ ഓഫീസിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്കിയത്.

എല്ലാം പായ്ക്ക് ചെയ്ത് വെക്കണമെന്നാണ് രാഹുല്‍ ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. അയോഗ്യനാക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭ ഹൗസിംഗ് കമ്മിറ്റി രാഹുലിന് വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് കഴിഞ്ഞ ദിവസം ലോക്സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തില്‍ രാഹുല്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നാല് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍ അവിടെ ചെലവഴിച്ച സമയത്തിന്‍റെ സന്തോഷകരമായ ഓര്‍മ്മകള്‍ക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ കുറിച്ചു.