യഥാർത്ഥ വോട്ടർമാർ ബൂത്തിലെത്തി കെ സുരേന്ദ്രനെ തോൽപ്പിക്കും: എകെഎം അഷ്‌റഫ്‌

single-img
8 April 2026

മഞ്ചേശ്വരത്തെ കള്ളവോട്ട് ആരോപണത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി. മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരെയും സുരേന്ദ്രൻ അപമാനിച്ചെന്ന് എകെഎം അഷ്‌റഫ്‌ പറഞ്ഞു. സുരേന്ദ്രന്റേത് പരാജയ ഭീതി മൂലമുള്ള ആരോപണം.

സേനയും, അർധ സേനയും വരുമെന്ന് പറഞ്ഞ് വോട്ടർമാരെ ഭയപ്പെടുത്താനാണ് ശ്രമം. ഏത് സേനെയെ വേണമെങ്കിലും ഇറക്കിക്കോളൂ. യഥാർത്ഥ വോട്ടർമാർ ബൂത്തിലെത്തി കെ സുരേന്ദ്രനെ തോൽപ്പിക്കുമെന്നും എകെഎം അഷ്‌റഫ്‌ വ്യക്തമാക്കി.

നേരത്തെ മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന ആരോപണവുമായി കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. നാട്ടിൽ എത്താത്ത പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് പ്രവർത്തകർ ശേഖരിച്ചു. മഞ്ചേശ്വരം, കുമ്പള, മംഗൽപ്പാടി, വോർക്കാടി പഞ്ചായത്തുകളിലാണ് കള്ളവോട്ട് ചെയ്യാൻ ഒരുങ്ങുന്നത്.

മുസ്ലീം ലീഗിന് മാത്രം സ്വാധീനമുള്ള 33 ബൂത്തുകൾ കേന്ദ്രീകരിച്ചാണ് കള്ളവോട്ടിന് ശ്രമിക്കുന്നത്. ജില്ലാ ഭരണകൂടം ഈ ബൂത്തുകളിൽ കൃത്യമായി നിരീക്ഷണം ഏർപ്പെടുത്തണം. നടപടി ഉണ്ടായില്ലെങ്കിൽ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.