സുബ്രഹ്മണ്യൻ സ്വാമി ഉന്നയിക്കുന്നത് തെറ്റായതും തെളിവില്ലാത്തതുമായ ആരോപണങ്ങൾ: റിസർവ് ബാങ്ക്

single-img
4 January 2023

വിവിധ ബാങ്ക് തട്ടിപ്പുകളിൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി തെറ്റായതും അടിസ്ഥാനരഹിതവുമാണ് എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. വിവിധ ബാങ്കിംഗ് തട്ടിപ്പുകളിൽ ആർബിഐ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാമി നൽകിയ ഹർജിയിലാണ് ആർബിഐയുടെ പ്രതികരണം.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സുബ്രഹ്മണ്യൻ സ്വാമിക്കെതിരെ ഗുരുതര ആരോപണം ഉള്ളത്. “തട്ടിപ്പുകളെ ആർബിഐ ഉദ്യോഗസ്ഥരുമായി ബന്ധിപ്പിക്കാൻ ഹർജിക്കാർ ശ്രമിക്കുന്നു എന്നും എന്നാൽ ഇതിനു പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല എന്നുമാണ് റിസർവ് ബാങ്ക് പറയുന്നത്.

നിലവിലെ പൊതുതാൽപര്യ ഹർജിയിൽ പരാമർശിച്ചിരിക്കുന്ന മിക്ക അഴിമതികളും ഇതിനകം സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണത്തിലാണ്. “അന്വേഷണത്തിന്റെ ഗതി നിർദ്ദേശിക്കുന്നതും നിയമ നിർവ്വഹണ ഏജൻസികൾ പിന്തുടരേണ്ട വശങ്ങൾ തീരുമാനിക്കുന്നതും ഹർജിക്കാർക്ക് വേണ്ടിയല്ല എന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

സത്യവാങ്മൂലത്തിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ സ്വാമിക്ക് സുപ്രീം കോടതി ബുധനാഴ്ച മൂന്നാഴ്ചത്തെ സമയം അനുവദിച്ചു.