സഞ്ജു സാംസൺ ഇന്ത്യന്‍ ടി20 ടീമിനെ നയിക്കണമെന്നാണ് എന്റെ ആഗ്രഹം; വെളിപ്പെടുത്തി രവി ശാസ്ത്രി

ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റന്‍ ആരാകുമെന്ന ആകാംക്ഷകളും ചര്‍ച്ചകളും നടക്കുന്നതിനിടെ ശ്രദ്ധേയ നിരീക്ഷണങ്ങളുമായി മുന്‍ ഇന്ത്യന്‍ കോച്ചും ക്യാപ്റ്റനും ഇതിഹാസ ഓള്‍ റൗണ്ടറുമായ രവി ശാസ്ത്രി. സൂര്യകുമാര്‍ യാദവിന്റെ പകരക്കാരനായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററും ലോകകപ്പ് ഹീറോയുമായ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടി20 ടീമിനെ നയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നു ശാസ്ത്രി വ്യക്തമാക്കി. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും അദ്ദേഹത്തിന്റെ നായകനെന്ന നിലയിലുള്ള മികവും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അദ്ദേഹത്തെ സര്‍വാത്മനാ യോഗ്യനാക്കുന്നുവെന്നും ശാസ്ത്രി പറയുന്നു.
സൂര്യകുമാര്‍ യാദവിന്റെ പ്രായവും ബാറ്റിങിലെ ഫോം ഇല്ലായ്മയുമടക്കം ചര്‍ച്ചയായ സാഹചര്യത്തിലാണ് പുതിയ ക്യാപ്റ്റന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ തുടക്കത്തില്‍ മികവോടെ നയിച്ച ശ്രേയസ് അയ്യരുടെ പേരും സജീവമായി ബിസിസിഐ പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്തകളും അതിനിടെ വന്നിരുന്നു. എന്നാല്‍ സൂര്യയുടെ പകരക്കാരനായി ശാസ്ത്രി കാണുന്നത് സഞ്ജു സാംസണെയാണ്. ഇനിയുള്ള അന്താരാഷ്ട്ര ടി20 പോരാട്ടങ്ങള്‍ സൂര്യകുമാറിന്റെ നിലനില്‍പ്പിന്റെ ഉത്തരം തേടല്‍ കൂടിയായിരിക്കുമെന്നു ശാസ്ത്രി പറയുന്നു.
‘2028ലെ ലോകകപ്പ് വരുമ്പോഴേക്കും ഇന്ത്യ പുതിയൊരു ക്യാപ്റ്റനെ കണ്ടെത്തിയേക്കും. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ സൂര്യ എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്. എന്റെ വീക്ഷണത്തില്‍ സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നിരിക്കുന്നു എന്നാണ് കരുതുന്നത്. അദ്ദേഹം തന്റെ ബാറ്റിങിനേയും ഫോമിനേയും സംബന്ധിച്ചു ഉയര്‍ന്ന എല്ലാ ചോദ്യങ്ങള്‍ക്കും 100 ശതമാനം ഉത്തരം നല്‍കി കഴിഞ്ഞിരിക്കുന്നു.’
‘രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചതിന്റെ പരിചയസമ്പത്തുമായി സഞ്ജു ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്വയം ഉയര്‍ന്നു വന്നിട്ടുണ്ട്. അദ്ദേഹം ടീമിലെ അവിഭാജ്യ ഘടകമായും മാറി. ടോപ്പ് ഓര്‍ഡറില്‍ അതീവ അപകടകാരിയായും സഞ്ജു വളര്‍ന്നു. അതുകൊണ്ടു തന്നെ വരും വര്‍ഷങ്ങളില്‍ സഞ്ജുവില്‍ നിന്നു വലിയ വലിയ കാര്യങ്ങളാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.’
‘സഞ്ജുവിന്റെ നേര്‍ക്കുയര്‍ന്ന ഏല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി കഴിഞ്ഞു. അദ്ദേഹത്തിനു പ്രതിഭയുണ്ടായിരുന്നെങ്കിലും പലപ്പോഴും അതിനൊത്തു ഉയരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ സീസണില്‍ ലോകകപ്പ് ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ തുടങ്ങിയ നിര്‍ണായക മത്സരങ്ങളില്‍ ഒറ്റയ്ക്ക് ഇന്ത്യയെ അദ്ദേഹം ജയിപ്പിച്ചതും ഇപ്പോള്‍ ഐപിഎല്ലില്‍ അദ്ദേഹം പുറത്തെടുക്കുന്ന പക്വതയും അദ്ദേഹത്തെ ഭാവി നായകനാക്കാന്‍ യോഗ്യനാക്കുന്നു’- ശാസ്ത്രി വ്യക്തമാക്കി.


