പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി ബിജെപി സർക്കാർ

പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി സർക്കാർ മുന്നോട്ട്. നിയമസഭയിലാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി ഇത് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തിയത്. ജൂലൈ രണ്ടിന് സംസ്ഥാന മന്ത്രിസഭ യുസിസി കരട് ബിൽ പരിഗണിക്കുമെന്നും, തുടർന്ന് ഓഗസ്റ്റിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുസിസി നടപ്പിലാക്കുന്ന കാര്യത്തിൽ സർക്കാർ അടിയുറച്ച നിലപാടിലാണെന്നും, എന്തുവന്നാലും ബിൽ അവതരിപ്പിക്കുമെന്നും സുവേന്ദു അധികാരി ആവർത്തിച്ചു. ഇതിനായി മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെയും സർക്കാർ രൂപീകരിച്ചിട്ടുണ്ട്.
നിയമ വിദഗ്ധരും വിദ്യാഭ്യാസ പ്രവർത്തകരും ഉൾപ്പെടെയുള്ള പ്രമുഖർ സമിതിയിലുണ്ടാകും. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഓഗസ്റ്റിൽ ബിൽ നിയമസഭയിലെത്തുക.
അതേസമയം, തിങ്കളാഴ്ച പശ്ചിമ ബംഗാൾ നിയമസഭ മറ്റൊരു സുപ്രധാന നിയമം കൂടി പാസാക്കി. ‘പശ്ചിമ ബംഗാൾ പൊതുസുരക്ഷയും സാമൂഹിക വിരുദ്ധ പ്രവർത്തന നിയന്ത്രണവും ബിൽ, 2026’ ആണ് സഭയിൽ വോട്ടെടുപ്പിലൂടെ പാസായത്. 176 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 41 പേർ എതിർത്തു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും ക്രിമിനൽ ഗൂഢാലോചനകൾ അടിച്ചമർത്തുന്നതിനും ഭരണകൂടത്തിന് കൂടുതൽ അധികാരം നൽകുന്നതാണ് ഈ നിയമം. നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമായ സാഹചര്യത്തിലാണ് പുതിയ ചട്ടക്കൂട് കൊണ്ടുവരുന്നതെന്ന് സർക്കാർ വിശദീകരിച്ചു.


