തൊണ്ടി മുതലായ 60 കുപ്പി മദ്യം എലി കുടിച്ചു; എലികളിൽ ഒന്നിനെ അറസ്റ്റ് ചെയ്തതായി പോലീസ്

single-img
9 November 2023

പിടിച്ചെടുക്കപ്പെട്ട ശേഷം സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലായ 60 കുപ്പി മദ്യം എലി കുടിച്ചുവെന്ന അവകാശവാദവുമായി മധ്യപ്രദേശിലെ ചിന്ദ്വാരയിലെ പൊലീസ്. മദ്യം കുടിച്ചുവെന്ന് സംശയിക്കുന്ന എലികളിലൊന്നിനെ പൊലീസ് അറസ്റ്റ് ചെയ്തതായും പോലീസ് പറയുന്നു.

സ്റ്റേഷനിൽ തെളിവായി സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം കാണാതെയായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 60 കുപ്പി മദ്യവും എലികൾ കുടിച്ചു തീർത്തുവെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത് . 180 മില്ലിയുടെ 60 ബോട്ടിലുകൾ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

പ്ലാസ്റ്റിക് ബോട്ടിലുകൾ എലികൾ കടിച്ച് നശിപ്പിച്ചതായാണ് പൊലീസ് അവകാശപ്പെടുന്നത്. ഇത് മൂലം തൊണ്ടിമുതലായ മദ്യം ഒഴുകി നശിക്കുകയായിരുന്നു. സംഭവത്തില്‍ എലിക്കെണി വച്ച് ഒരു എലിയെ പിടികൂടിയതായും പൊലീസ് വിശദമാക്കുന്നു. തങ്ങളുടെ പൊലീസ് സ്റ്റേഷന്‍ ഏറെ കാലപ്പഴക്കമുള്ള ഒന്നാണെന്നും തൊണ്ടി മുതലുകള്‍ സൂക്ഷിക്കുന്ന വെയർ ഹൗസില്‍ എലി ശല്യം രൂക്ഷമാണെന്നുമാണ് പൊലീസ് പറയുന്നത് .

ഒന്നിലധികളെ കേസുകളിലെ തൊണ്ടി മുതലായ കഞ്ചാവ് ചാക്കുകളില്‍ സൂക്ഷിച്ചിരുന്നത് എലി ശല്യത്തേ തുടര്‍ന്ന് ഇപ്പോള്‍ ലോഹം കൊണ്ടുള്ള പെട്ടികളിലാണ് സൂക്ഷിക്കുന്നതെന്നും പൊലീസ് വിശദമാക്കുന്നു.