വിടപറഞ്ഞ ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം

single-img
5 October 2023

സിപി എം നേതാവ് ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ച് രാഷ്ട്രീയനേതാക്കള്‍. വിടപറഞ്ഞത് തൊഴിലാളി വർഗത്തിന്റെ കരുത്തുറ്റ നേതാവെന്ന് മന്ത്രി വി ശിവൻ കുട്ടി അനുസ്മരിച്ചു. തൊഴിലാളി വർഗത്തിന്റെ കരുത്തുറ്റ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദന്‍. എക്കാലവും പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും വേണ്ടി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം.

സിപി എമ്മിന്റെയും സിഐടിയുവിന്റെയും സമുന്നത നേതാവെന്ന നിലയ്ക്ക് തൊഴിലാളികൾക്കും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുമായി അദ്ദേഹം ജീവിതം സമർപ്പിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖവും നാവുമായിരുന്നു അദ്ദേഹം. ടെലിവിഷൻ ചർച്ചകളിൽ അടക്കം അദ്ദേഹം തിളങ്ങാൻ കാരണം ജീവിതഗന്ധിയായ വാദഗതികൾ യുക്തിസഹമായി അവതരിപ്പിച്ചത് കൊണ്ടാണ്. വ്യക്തിപരമായി ഏറ്റവും പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരനെ ആണ് നഷ്ടമായതെന്നും വി ശിവൻ കുട്ടി സ്മരിച്ചു.

തൊഴിലാളി വര്‍ഗ്ഗ താല്‍പര്യത്തിനായി മാത്രം ജീവിതാവസാനം വരെ പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയന്‍ നേതാവായിരുന്നു ആനത്തലവട്ടമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ അനുസ്മരിച്ചു. ജനങ്ങളെയും തൊഴിലാളികളെയും എന്നും ഇഷ്ടപ്പെട്ട മനുഷ്യസ്നേഹിയായിരുന്നു. പരിചയപ്പെട്ട നാള്‍ മുതല്‍ അദ്ദേഹവുമായി വലിയ അടുപ്പം പുലർത്തിയിരുന്നു.

1996 – ല്‍ മന്ത്രിയായപ്പോഴും 2006 – ല്‍ സ്പീക്കറായപ്പോഴും തൊഴിലാളികളുടെ ഉറച്ച ശബ്ദമായി നിയമസഭയിൽ ആനത്തലവട്ടമുണ്ടായിരുന്നു. കഴിഞ്ഞ ഓണത്തിനുമുന്‍പ് വീട്ടില്‍ പോയി അദ്ദേഹത്തെ കണ്ടിരുന്നു. ചികിത്സാ വിവരങ്ങളെക്കാളുപരി തൊഴില്‍ രംഗത്തെ കാര്യങ്ങളാണ് അന്നും ആനത്തലവട്ടം കൂടുതല്‍ പറഞ്ഞതെന്നും കെ. രാധാകൃഷ്ണന്‍ അനുസ്മരിച്ചു.

ആനത്തലവട്ടം ആനന്ദന്റെ വേർപാട്‌ അങ്ങേയറ്റം വേദനാജനകമാണെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. കേരളത്തിലെ കയർതൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകി സിഐടിയുവിന്റേയും സിപിഐഎമ്മിന്റേയും മുൻനിരയിലേക്ക്‌ ഉയർന്ന ആനത്തലവട്ടം ആനന്ദൻ എക്കാലത്തും പൊതുപ്രവർത്തകർക്ക് പ്രചോദനമായിരുന്നു.

തൊഴിലാളികളുടെ പട്ടിണി അവസാനിപ്പിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ തൊഴിലാളി പ്രവർത്തകർക്ക്‌ എന്നും ആവേശം നൽകുന്ന അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി അക്ഷീണം പ്രയത്നിച്ച മികച്ച ട്രേഡ് യൂണിയന്‍ നേതാവായിരുന്നു ആനത്തലവട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുസ്മരിച്ചു.

തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലെല്ലാം അവരുടെ ശബ്ദമായി അവര്‍ക്കൊപ്പം നില്‍ക്കാന്‍ ആനത്തലവട്ടത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ നിര്യാണം ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംശുദ്ധ രാഷ്ട്രീയത്തിൻ്റെ പ്രതീകമായിരുന്നു ആ​നത്തലവട്ടം ആനന്ദനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൻ്റെ ജീവിതം മുഴുവൻ താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച നേതാവായിരുന്നു ആനത്തലവട്ടം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ ജീവിതം മുഴുവൻ പോരാട്ടം നടത്തിയ തൊഴിലാളി നേതാവായിരുന്നു അദ്ദേഹം. എതിർ രാഷ്ട്രീയ ചേരിയിലായിരുന്നിട്ട് കൂടി ഏറെ സ്നേഹത്തോടെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന ആനത്തലവട്ടത്തിൻ്റെ വിയോഗം തൊഴിലാളികൾക്ക് വലിയ നഷ്ടമാണ്. കേരള രാഷ്ട്രീയത്തിൽ അദ്ദേഹത്തിൻ്റെ അസാനിധ്യം പ്രതിഫലിക്കും. ആനത്തലവട്ടം ആനന്ദൻ്റെ കുടുംബത്തിൻ്റെയും പാർട്ടിയുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.