കോഴിക്കോട് മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ റംസാൻ വ്രതാരംഭം നാളെ തുടങ്ങും

single-img
22 March 2023

കോഴിക്കോട് മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിലും റംസാന്‍ വ്രതാരംഭം നാളെ തുടങ്ങും. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

നാളെ റമദാന്‍ ഒന്നാണെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവരും അറിയിച്ചു. അതേസമയം ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ വ്യാഴാഴ്ചയാണ് റമദാൻ മാസം തുടങ്ങുക.

കഴിഞ്ഞ ദിവസം എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റമദാന്‍ നോമ്പിന് തുടക്കമാകുമെന്ന് അറിയിച്ചത്.