ചിറയിൻകീഴിലെ ഇടതുകോട്ട രമ്യ ഹരിദാസ് തകർത്തത് 1422 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ

ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് ആവേശകരമായ വിജയം. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തിൽ 1,422 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമ്യ വിജയിച്ചത്. രമ്യ ഹരിദാസ് 56833 വോട്ടുകളും എൽഡിഎഫ് സ്ഥാനാര്‍ഥി മനോജ് എടമന 55411 വോട്ടുകളും, ബിജെപി സ്ഥാനാര്‍ഥി 32920 വോട്ടുകളും നേടി.
സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ വലിയ പ്രതിഷേധങ്ങളാണ് കോൺഗ്രസിനുള്ളിൽ രമ്യയ്ക്കെതിരെ ഉയർന്നത്. പുറത്തുനിന്നുള്ള സ്ഥാനാർത്ഥി എന്ന ലേബലും പ്രാദേശിക ദളിത് നേതാക്കളെ അവഗണിച്ചു എന്ന ആരോപണവും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കരുതിയെങ്കിലും, രമ്യയുടെ വ്യക്തിപ്രഭാവവും യു.ഡി.എഫ് തരംഗവും മണ്ഡലത്തെ തുണച്ചു.
2021-ലെ തിരഞ്ഞെടുപ്പിൽ 14,017 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തിന് വി. ശശി വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ എൽ.ഡി.എഫ് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ 62,634 വോട്ടുകൾ നേടിയ എൽ.ഡി.എഫിന് ഇത്തവണ മനോജ് എടമനയിലൂടെ 55,411 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ഏകദേശം ഏഴായിരത്തോളം വോട്ടുകളുടെ ഇടിവാണ് എൽ.ഡി.എഫിന് സംഭവിച്ചത്.
അതേസമയം, ബി.ജെ.പി കഴിഞ്ഞ തവണത്തെക്കാൾ രണ്ടായിരത്തോളം വോട്ടുകൾ വർദ്ധിപ്പിച്ചു. പട്ടികജാതി സംവരണ മണ്ഡലമായ ചിറയിൻകീഴിൽ രമ്യ ഹരിദാസ് നടത്തിയ ചിട്ടയായ പ്രചാരണവും സാധാരണക്കാർക്കിടയിലുള്ള അവരുടെ സ്വാധീനവുമാണ് വോട്ടെണ്ണലിൽ യു.ഡി.എഫിന് മുൻതൂക്കം നൽകിയത്.


