ഗോല്‍ഗപ്പ കഴിയ്ക്കാന്‍ ദില്ലി‌യിലെ ബംഗാളി മാര്‍ക്കറ്റിലെത്തി രാഹുല്‍ ഗാന്ധി

single-img
19 April 2023

ഗോല്‍ഗപ്പ കഴിയ്ക്കാന്‍ ദില്ലി‌യിലെ ബംഗാളി മാര്‍ക്കറ്റിലെത്തി രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയ തിരക്കുകള്‍ മാറ്റിവെച്ച്‌ രാഹുല്‍ ദില്ലിയിലെ മാര്‍ക്കറ്റില്‍ എത്തിയത്.

സുരക്ഷാ ഉദ്യോഗസ്ഥരും രാഹുലിന്റെ കൂടെ ഉണ്ടായിരുന്നു. ജീന്‍സും നീല ടീ ഷര്‍ട്ടും ധരിച്ചെത്തിയ രാഹുല്‍ മാര്‍ക്കറ്റില്‍ ഏറെ നേരം ചെലവഴിച്ചു. ചുറ്റും കൂടിയ ആളുകളുമായി വിശേഷം പങ്കിട്ടു. ശേഷം അദ്ദേഹം ഓള്‍ഡ് ദില്ലി‌യിലും പോയി. അവിടെ നിന്ന് തണ്ണീര്‍ മത്തനാണ് രാഹുല്‍ കഴിച്ചത്. അവിടെയും ആളുകളുമായി സംസാരിച്ചു. ഓള്‍ഡ് ദില്ലിയില്‍ രാഹുലിനെ കാണാന്‍ നിരവധി പേരാണ് തടിച്ചു കൂടിയത്.

കര്‍ണാടകയിലെ കോലാറിലെ പ്രസംഗത്തിന്റെ പേരില്‍ കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതോ‌ടെ രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ദില്ലിയിലെ ഔദ്യോഗിക വസതി ഒഴി‍ഞ്ഞത്. അയോഗ്യനാക്കിയതിന് പിന്നാലെ രാഹുല്‍ തന്റെ മണ്ഡലമായിരുന്ന വയനാട് സന്ദര്‍ശിച്ചിരുന്നു.

കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. തെരഞ്ഞെടുപ്പ് യോഗത്തിലാ‌യിരുന്നു രാഹുലിന്റെ പ്രസംഗം. പ്രധാനമന്ത്രി അദാനിക്ക് പണം നല്‍കുന്നു, എന്നാല്‍ കോണ്‍ഗ്രസ് ദരിദ്രര്‍ക്കും യുവാക്കള്‍ക്കും മഹിളകള്‍ക്കും നല്‍കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി. അയോഗ്യനാക്കിയതിന് ശേഷം കോലാറിലെത്തിയ രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവര്‍ക്കായി എന്തു ചെയ്യും എന്ന ചോദ്യം കുറച്ച്‌ ദിവസമായി കേള്‍ക്കുന്നുണ്ട്. ഹിമാചല്‍ അടക്കം നിരവധി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നു. എന്തെല്ലാം ചെയ്യണം എന്ന് നേതാക്കള്‍ തന്നോട് ചോദിച്ചു. നടപ്പിലാക്കാവുന്ന വാഗ്ദാനങ്ങള്‍ നല്‍കൂ, അത് ആദ്യ മന്ത്രി സഭാ യോഗത്തില്‍ തന്നെ നടപ്പാക്കൂ എന്നാണ് താന്‍ പറഞ്ഞത്. ഇത് തന്നെയാണ് തനിക്ക് കര്‍ണാടക നേതാക്കളോടും പറയാനുള്ളത്.

4 വാഗ്ദാനങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് തന്നു. ഗൃഹലക്ഷ്മി, അന്നഭാഗ്യ, യുവനിധി ഇവയെല്ലാം ആദ്യ മന്ത്രിസഭാ യോഗത്തില്‍ നടപ്പാക്കും. മോദി ആയിരക്കണക്കിന് കോടി അദാനിക്ക് കൊടുക്കുമ്ബോള്‍ ഞങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ആ പണം നല്‍കുന്നു. ബിജെപി സര്‍ക്കാര്‍ എന്ത് ചെയ്തു? 40% കമ്മീഷന്‍ വിഴുങ്ങിയെന്നും രാഹുല്‍ ആരോപിച്ചു.