രാഹുലും അബിനും നേർക്കുനേർ;യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോൺ​ഗ്രസിനുള്ള ​ഗ്രൂപ്പുകളുടെ ശക്തിപ്രകടന പോരാട്ടമാകുന്നു

single-img
16 June 2023

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോൺ​ഗ്രസിനുള്ള ​ഗ്രൂപ്പുകളുടെ ശക്തിപ്രകടന പോരാട്ടമാകുന്നു. എ ​ഗ്രൂപ്പ് രാഹുൽ മാങ്കൂട്ടത്തിനെ രം​ഗത്തിറക്കിയപ്പോൾ അബിൻ വർക്കിയെയാണ് ഐ ​ഗ്രൂപ് പിന്തുണച്ചത്. യുവനിരയിലെ രണ്ട് പ്രമുഖർ മാറ്റുരക്കുന്നതോടെ പോരാട്ടം തീപാറുമെന്നുറപ്പ്. ടെലിവിഷൻ ചാനൽ ചർച്ചകളിൽ പാർട്ടിയുടെ മുഖങ്ങളാണ് ഇരുവരുമെന്നതും ശ്രദ്ധേയം. നേരത്തെ, കെ സി വേണു​ഗോപാൽ പക്ഷത്തിൽ നിന്ന് ബിനു ചുള്ളിയിലും മത്സര രം​ഗത്തുണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, അവസാന നിമിഷം തീരുമാനത്തിൽ നിന്ന് പിന്മാറി. കോൺഡ​ഗ്രസിലെ സതീശൻ-സുധാകരൻ ദ്വന്ദത്തിനെതിരെ ഒന്നിക്കാൻ എ,ഐ ​ഗ്രൂപ്പുകൾ യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിനിയോ​ഗിക്കുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഓരോ ​ഗ്രൂപ്പും വ്യത്യസ്ത സ്ഥാനാർഥികളുമായി രം​ഗത്തെത്തി. 

കടുത്ത അനിശ്ചിതത്വത്തിനൊടുവിലാണ് രാഹൂൽ മാങ്കൂട്ടം എ ​ഗ്രൂപ് സ്ഥാനാർഥിയായത്. നിലവിലെ പ്രസിഡന്റ് ഷാഫി പറമ്പിലാണ് രാഹുൽ മാങ്കൂട്ടത്തെ നിർദേശിച്ചത്. എന്നാൽ, മാങ്കൂട്ടത്തിന് ആദ്യഘട്ടത്തിൽ എ ഗ്രൂപ്പ് നേതൃത്വത്തിന്റെ പിന്തുണയുണ്ടായില്ല. വിഡി സതീശനോട് അടുപ്പം പുലര്‍ത്തുന്ന യുവജനനേതാവാണ് എന്നതായിരുന്നു അതൃപ്തിക്ക് കാരണം. മറ്റൊരു യുവനേതാവ് കെ എം അഭിജിത്തിന്റെ പേരും ഉയർന്നുവന്നു. അഭിജിത്തിന് നേതൃത്വത്തിന്റെ പിന്തുണയും ലഭിച്ചു. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യം പരി​ഗണിച്ച് മാങ്കൂട്ടത്തിന് നറുക്ക് വീഴുകയായിരുന്നു.

ഐ ഗ്രൂപ്പിന്റെ അബിന്‍ വര്‍ക്കിക്ക് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ കൂടി പിന്തുണ ഐ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നുണ്ട്. മത്സരം ഉറപ്പായ പശ്ചാത്തലത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ ശക്തിപ്രകടനമാവും യൂത്തുകോണ്‍ഗ്രസ് പുനസംഘടനയില്‍ തെളിഞ്ഞുകാണുക. പുതിയ സാഹചര്യത്തില്‍, മാറിമറിഞ്ഞ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ആര്‍ക്ക് വിജയമെന്നത് പ്രവചിക്കുകയും പ്രയാസമാണ്. കെ സി വേണു​ഗോപാലിനെ പിന്തുണക്കുന്നവരുടെ നിലപാടും നിർണായകമാകും.