ബെംഗളുരു മൈസൂരു അതിവേഗപാതയ്ക്ക് എതിരെ കര്‍ഷകര്‍ക്കും പ്രദേശവാസികള്‍ക്കുമിടയില്‍ പ്രതിഷേധം


കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബെംഗളുരു മൈസൂരു അതിവേഗപാതയ്ക്ക് എതിരെ കര്‍ഷകര്‍ക്കും പ്രദേശവാസികള്‍ക്കുമിടയില്‍ പ്രതിഷേധം ശക്തമാണ്.
എക്സ്പ്രസ് വേയില്‍ പ്രധാന പാതയില്‍ അടക്കം പണി പൂര്‍ത്തിയാകാനുണ്ട് എന്നതാണ് യാഥാര്‍ഥ്യം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അതിവേഗപാത അതിവേഗം ഉദ്ഘാടനം ചെയ്തതെന്നും, ഇതിനെതിരെ സമരം തുടരുമെന്നും കര്‍ഷകസംഘടനകള്‍ പറയുന്നു.
റോഡിന് സ്ഥലം വിട്ട് നല്‍കിയ 99% കര്‍ഷകരും ആ റോഡിലൂടെ സഞ്ചരിക്കുന്നവരല്ല. ഞങ്ങളുടെ വിളകള്‍ പ്രധാന റോഡിലെത്തിക്കാന്‍ ഇവിടെ ഞങ്ങള്‍ക്ക് നല്ല റോഡ് വേണം. മൈസുരു, മാണ്ഡ്യ മേഖലകളിലെ 99% സാധാരണക്കാരും ആ റോഡ് ഉപയോഗിക്കുന്നവരല്ല. ഒരു ശതമാനം ആളുകള്‍ക്ക് വേണ്ടിയാണോ ഇവിടെ സൗകര്യം ഒരുക്കുക? കര്‍ഷകരുടെ ചോദ്യം ഇതാണ്
കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയകാലത്ത് ബെംഗളുരു മൈസൂരു എക്സ്പ്രസ് വേയില്‍ വെള്ളം കയറി. അന്ന് വെള്ളക്കെട്ടില്‍ ലോറികളും കാറുകളും അടക്കം മുങ്ങിപ്പോയിട്ടും, അടിപ്പാതകളിലടക്കം വെള്ളം പൊന്താതിരിക്കാന്‍ വേണ്ട നടപടികളൊന്നും ദേശീയ പാതാ അതോറിറ്റി ഇപ്പോഴും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രാമനഗര, ചന്നപട്ടണ, മാണ്ഡ്യ, മധൂര്‍, ശ്രീരംഗപട്ടണ എന്നീ പ്രധാന നഗരങ്ങളിലേക്കുള്ള വഴികളും സര്‍വീസ് റോഡുകളും ഇപ്പോഴും മോശം സ്ഥിതിയിലാണ്. അടിപ്പാതകളില്‍ മഴക്കാലമായാല്‍ വെള്ളം കയറും. പലയിടത്തും ടാറിംഗ് പോലും പൂര്‍ത്തിയായിട്ടില്ല.
ഇതിനെല്ലാമിടയിലാണ് ദേശീയപാതയില്‍ ടോള്‍ പിരിക്കാന്‍ തീരുമാനമായത്. ശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ മാസം ഇതിനെതിരെ നാട്ടുകാരും കര്‍ഷകരും ഉയര്‍ത്തിയത്. പ്രധാനമന്ത്രി എത്തിയപ്പോഴും കണ്ടു പ്രതിഷേധം.പ്രതിഷേധങ്ങളെത്തുടര്‍ന്ന് തല്‍ക്കാലം ഈ പാതയില്‍ ടോള്‍ പിരിവില്ല. പക്ഷേ സൗകര്യങ്ങള്‍ നിര്‍മിച്ച് കിട്ടുംവരെ സമരം തുടരുമെന്ന് പറയുന്നു കര്‍ഷകസംഘടനകള്‍.
കര്‍ണാടകയില്‍ പൊന്ന് വിളയുന്ന മണ്ണാണ് മാണ്ഡ്യ. പച്ചക്കറികളും കരിമ്ബും നെല്ലുമടക്കം ഇവിടെ നിന്ന് എളുപ്പത്തില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ സര്‍വീസ് റോഡുകള്‍ മെച്ചപ്പെടണം. കര്‍ഷകരുടെ വോട്ട് നിര്‍ണായകമായ മാണ്ഡ്യയില്‍ പ്രതിഷേധങ്ങള്‍ തണുപ്പിക്കാതെ വോട്ട് കിട്ടില്ലെന്ന് സര്‍ക്കാരും തിരിച്ചറിയുന്നുണ്ട്.