ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതിനെച്ചൊല്ലി പ്രതിഷേധം;ഹോസ്റ്റലിന്റെ ഗേറ്റ് അടച്ചുപൂട്ടി അധികൃതർ

single-img
19 September 2022

മൊഹാലി: വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതിനെച്ചൊല്ലി പ്രതിഷേധവും സംഘര്‍ഷവും.

ചണ്ഡിഗഡ് സര്‍വകലാശാലയിലെ ഹോസ്റ്റലിലാണ് സംഭവം. പെണ്‍കുട്ടികളുടെ പ്രതിഷേധം ശക്തമായതോടെ ഹോസ്റ്റലിന്റെ ഗേറ്റ് അടച്ചുപൂട്ടി. എന്നാല്‍, കൂടുതല്‍ പെണ്‍കുട്ടികള്‍ ഹോസ്റ്റലിനു പുറത്തേക്കു ഗേറ്റ് ചാടിക്കടന്ന് എത്തി പ്രതിഷേധത്തിനൊപ്പം അണിചേരുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഹോസ്റ്റലിലെ ഒരു പെണ്‍കുട്ടി ദൃശ്യങ്ങള്‍ പകര്‍ത്തി കാമുകന് അയച്ചുകൊടുത്തു എന്നാണു ആരോപണം. ഇതിനെ തുടര്‍ന്ന് ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍, ഒരു പെണ്‍കുട്ടി തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ മാത്രമാണു കാമുകന് അയച്ചുകൊടുത്തതെന്നും മറ്റുള്ളവരുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നുമാണു പൊലീസ് പറയുന്നത്.

വിദ്യാര്‍ഥിനിയുടെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇത് ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ കാമുകനെ പിടികൂടുമെന്നും ഇയാളെ കസ്‌റ്റഡിയില്‍ എടുത്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയൂ എന്നും പൊലീസ് വ്യക്തമാക്കി.

വിദ്യാര്‍ഥിനിയെ കാമുകന്‍ ഭീഷണിപ്പെടുത്തി മറ്റു പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ കൈക്കലാക്കിയ ശേഷം ഇന്റര്‍നെറ്റില്‍ അ‌പ്‌ലോഡ് ചെയ്യുകയായിരുന്നുവെന്നാണ് മറ്റു പെണ്‍കുട്ടികളുടെ ആരോപണം.