മാവോയിസ്റ്റ് കേസില്‍ പ്രൊഫ സായിബാബയ്ക്ക് തിരിച്ചടി; ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

single-img
19 April 2023

ന്യൂഡല്‍ഹി: മാവോയിസ്റ്റ് പ്രവര്‍ത്തനം ആരോപിച്ചുള്ള കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്രൊഫ. ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കേസില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ബോംബെ ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. യുഎപിഎ കേസില്‍ പുതുതായി വാദം കേട്ട് തീര്‍പ്പുകല്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം.

നേരത്തെ കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതി ബഞ്ചിന് പകരം പുതിയ ബെഞ്ച് ആകണം കേസ് വാദം കേട്ട് തീര്‍പ്പു കല്‍പ്പിക്കേണ്ടതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2015 മാര്‍ച്ചിലാണ് മഹാരാഷ്ട്രയിലെ ഗഡ്ചരോളി ജില്ലാ സെഷന്‍സ് കോടതി മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന പ്രൊഫ. സായിബാബ അടക്കമുള്ള അഞ്ചുപേരെ കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഈ വിധിയാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്.

ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കുന്നതിലും വാദം കേട്ടതിലും അടക്കം പലവിധ വീഴ്ചകള്‍ വന്നിരുന്നതായി സുപ്രീംകോടതി കേസില്‍ വാദംകേള്‍ക്കവെ വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട ഒരു പ്രതി വിചാരണക്കിടെ മരിച്ചുപോയിരുന്നു. കേസില്‍ പ്രൊഫ സായിബാബയ്ക്ക് പുറമെ, കര്‍ഷകരായ മഹേഷ് കരിമാന്‍ തിര്‍കി, പാണ്ടുപോറ നരോത്തെ, വിദ്യാര്‍ത്ഥിയായ ഹേം കേശവ് ദത്ത മിശ്ര, ജേര്‍ണലിസ്റ്റ് പ്രശാന്ത് സംഗ്ലിക്കര്‍ എന്നിവരെയാണ് ജീവപര്യന്തം തടവിന് ഗഡ്ചരോളി ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

തൊഴിലാളിയായ വിജയ് തിര്‍കിയെ 10 വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു. ഈ വിധിയാണ് ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ച് റദ്ദാക്കിയത്.