കോൺഗ്രസ് പ്രചാരണത്തിന് ആവേശം കൂടും ;പ്രിയങ്കയും ഖർഗെയും ദേശീയ നേതാക്കളും കേരളത്തിലേക്ക്

single-img
16 April 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോൺ​ഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി കോൺഗ്രസ് ദേശീയ നേതാക്കൾ കേരളത്തിലെത്തുമെന്ന് കെ പി സി സി രാഷ്ട്രീയ പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല . കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ​ഖർ​ഗേ, എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ​ഗാന്ധി, മുൻ കേന്ദ്രമന്ത്രി പി ചിദംബരം, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നീ പ്രമുഖ നേതാക്കളാണ് വരും ദിവസങ്ങളിൽ കേരളത്തിലെത്തുക.

മാസം 20 ന് ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്കാ​ഗാന്ധി 24 ന് രാഹുൽ​ഗാന്ധി മൽസരിക്കുന്ന വയനാട്ടിലും പ്രചരണത്തിന് ഇറങ്ങും.

പിന്നാലെ 21 ന് പി ചിദംബരം തിരുവനന്തപുരത്ത് എത്തും. 22 ന് രാഹുൽ​ഗാന്ധി തൃശൂർ, കൊട്ടാരക്കര, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. മറ്റ് നേതാക്കളുടെ പ്രചരണ പരിപാടികളുടെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ചെന്നിത്തല അറിയിച്ചു.