‘14-ാം വയസിൽ പ്രീഡിഗ്രി, തെങ്ങിൽ കയറിയതിന് പ്രിൻസിപ്പലിന്റെ താക്കീത്’; മുഖ്യമന്ത്രിയുടെ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ച

single-img
18 July 2026

തേവര സേക്രഡ് ഹാർട്ട് കോളേജിലെ സ്വീകരണ പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കുവെച്ച അനുഭവവിവരണം സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാകുന്നു. കോളേജിൽ പ്രീഡിഗ്രി വിദ്യാർഥിയായി ചേർന്നപ്പോൾ തനിക്ക് 14 വയസ്സായിരുന്നുവെന്നും, ലേക്ക് വ്യൂവിൽ തെങ്ങിൽ കയറിയതിന് അന്നത്തെ പ്രിൻസിപ്പാൾ വിളിച്ചുവരുത്തി താക്കീത് ചെയ്തുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

പരിപാടിയിൽ സംസാരിക്കവെ കോളേജ് ജീവിതത്തിലെ ഓർമകൾ പങ്കുവെച്ച മുഖ്യമന്ത്രി, താൻ പഠിച്ച കാലത്ത് നടത്തിയ പല സംഭവങ്ങളും ഇന്നും മനസ്സിലുണ്ടെന്നും പറഞ്ഞു. “ഞാൻ പ്രീഡിഗ്രി വിദ്യാർഥിയായി ഇവിടെ വരുമ്പോൾ എനിക്ക് 14 വയസ്സായിരുന്നു. ആദ്യ ആഴ്ച തന്നെ എല്ലാവരും ലേക്ക് വ്യൂവിലേക്ക് പോയി. എനിക്ക് തെങ്ങിൽ കയറാൻ അറിയാമായിരുന്നു. അവിടെ തെങ്ങിൽ കയറിയപ്പോൾ അന്നത്തെ പ്രിൻസിപ്പാൾ ബൈനോക്കുലർ ഉപയോഗിച്ച് അത് കണ്ടു. പിന്നീട് വിളിച്ചുവരുത്തി താക്കീത് ചെയ്യുകയും അടുത്ത രണ്ട് വർഷം എന്റെ എല്ലാ നീക്കങ്ങളും നിരീക്ഷണത്തിലായിരിക്കുമെന്ന് പറയുകയും ചെയ്തു,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

മുഖ്യമന്ത്രിയുടെ പ്രസംഗം ചിലർ അദ്ദേഹത്തിന്റെ ഹാസ്യശൈലിയുടെയും അവതരണത്തിന്റെയും ഭാഗമായാണ് വിലയിരുത്തിയത്. എന്നാൽ, മറ്റൊരു വിഭാഗം പരാമർശത്തിലെ പ്രായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംശയങ്ങളും വിമർശനങ്ങളും ഉയർത്തി.

14-ാം വയസ്സിൽ പ്രീഡിഗ്രി പഠനം നടത്തിയെന്ന അവകാശവാദവും, അതേ പ്രായത്തിൽ തെങ്ങുകയറ്റത്തിൽ പ്രാവീണ്യം നേടിയെന്ന പരാമർശവും ചൂണ്ടിക്കാട്ടി നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളാണ് പ്രചരിക്കുന്നത്. “14-ാം വയസിൽ പ്രീഡിഗ്രി വിദ്യാർഥി?”, “അന്നത്തെ കാലത്ത് അത് എങ്ങനെ സാധ്യമായി?” തുടങ്ങിയ ചോദ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്.

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അനുകൂലിച്ചും വിമർശിച്ചും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചകൾ തുടരുകയാണ്.