കേരളത്തിലെത്തിയ പ്രധാനമന്ത്രിയുടെ ആദ്യ റോഡ് ഷോ പാലക്കാട് ആരംഭിച്ചു

single-img
19 March 2024

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കേരളാ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ റോഡ് ഷോ പാലക്കാട് ആരംഭിച്ചു. മേഴ്സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് മാർഗ്ഗം കോട്ടമൈതാനത്തെത്തി. തുടർന്ന് അഞ്ചുവിളക്ക് പരിസരത്തുനിന്നാണ് റോഡ് ഷോ ആരംഭിച്ചു.

കോട്ടമൈതാനത്തെ അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം വരെയാണ് റോഡ് ഷോ. ഷോയിൽ 50,000 പേരെ അണിനിരത്താനായിരുന്നു ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാലക്കാട്, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മോദിക്കൊപ്പം തുറന്ന ജീപ്പിലുണ്ട്.

എന്നാൽ മലപ്പുറത്തെ എൻഡിഎ സ്ഥാനാർത്ഥി അബ്ദുൾ സലാമിന് വാഹനത്തിൽ ഇടമില്ല. മുൻകൂട്ടി തയ്യാറാക്കിയ പട്ടികയിൽ പേരില്ലാത്തതിനെത്തുടർന്ന് അദ്ദേഹം പരിപാടി സ്ഥലത്തുനിന്നും പരിഭവിച്ച് മടങ്ങുന്ന സാഹചര്യമുണ്ടായി. പട്ടികയിൽ പേരുണ്ടെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, എസ്പി ജി ലിസ്റ്റിൽ പേരില്ല എന്നറിഞ്ഞത് പ്രധാനമന്ത്രി വന്ന ശേഷമാണ്. നിലവിൽ പാലക്കാട്ടെ പരിപാടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് സേലത്തും പൊതുയോഗത്തിൽ പങ്കെടുക്കും.