വിദേശത്തുവേണ്ട; വിവാഹങ്ങൾ ഇന്ത്യയില്‍ തന്നെ നടത്തിയാല്‍പ്പോരേയെന്ന് പ്രധാനമന്ത്രി

single-img
26 November 2023

ഇന്ത്യൻ പൗരന്മാരുടെ വിവാഹങ്ങള്‍ വിദേശത്തുവെച്ച് നടത്തേണ്ടതുണ്ടോ, ഇന്ത്യയില്‍ തന്നെ നടത്തിയാല്‍പ്പോരേയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നമ്മുടെ രാജ്യത്തിന്റെ പണം ഇവിടെ നിന്ന് പോകാതിരിക്കാൻ ഇതുപോലെയുള്ള ആഘോഷങ്ങൾ ഇന്ത്യൻ മണ്ണിൽ നടത്തണമെന്ന് അദ്ദേഹം ജനങ്ങളോട് കി ബാത്തിൽ അഭ്യർത്ഥിച്ചു.

അതേപോലെ തന്നെ വിവാഹ ഷോപ്പിംഗ് നടത്തുമ്പോള്‍ ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ രാജ്യത്തു ഇപ്പോൾ വിവാഹ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ഈ വിവാഹ സീസണിൽ ഏകദേശം 5 ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്ന് ചില വ്യാപാര സംഘടനകൾ കണക്കാക്കുന്നു. വിവാഹങ്ങൾക്കായി ഷോപ്പിംഗ് നടത്തുമ്പോൾ, എല്ലാവരും ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നല്‍കണം എന്നാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചത്.

“അതെ വിവാഹ കാര്യത്തില്‍ ഒരു കാര്യം എന്നെ വളരെക്കാലമായി അലട്ടുന്നു. എന്റെ ഹൃദയ വേദന എന്റെ കുടുംബാംഗങ്ങളോട് അല്ലാതെ മറ്റാരോട് പങ്കുവെയ്ക്കും? ഒന്ന് ആലോചിച്ചു നോക്കൂ ഈ ദിവസങ്ങളിൽ ചില കുടുംബങ്ങൾ വിദേശത്ത് പോയി കല്യാണം നടത്തുന്ന പ്രവണത കാണുന്നു. ഇത് ആവശ്യമാണോ?”- പ്രധാനമന്ത്രി ചോദിച്ചു.

വിവാഹങ്ങള്‍ ഇന്ത്യയില്‍ നടത്തുന്നതിലൂടെ ഈ രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘വോക്കൽ ഫോർ ലോക്കൽ’ എന്ന ദൗത്യം ഏറ്റെടുക്കാൻ നിങ്ങൾക്ക് കഴിയുമോ? എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഇത്തരം വിവാഹ ചടങ്ങുകൾ നടത്തിക്കൂടാ? നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സംവിധാനം ഇന്നില്ലായിരിക്കാം. പക്ഷേ നമ്മൾ അത്തരം പരിപാടികൾ സംഘടിപ്പിക്കുകയാണെങ്കിൽ, സംവിധാനങ്ങളും വികസിക്കും.

ഇത് കുടുംബങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. തന്‍റെ ഈ വേദന തീർച്ചയായും വലിയ കുടുംബങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.