പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലേക്ക്; രൂപയിൽ ഇടപാടടക്കം വിവിധ വിഷയങ്ങൾ ചർച്ചയാവും 

single-img
15 July 2023

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയില്‍ എത്തും. യുഎഇ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയില്‍ വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും. ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും വഴിയാണ് നരേന്ദ്ര മോദി യുഎഇയില്‍ ഇറങ്ങുന്നത്. ഒമ്പത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചാം തവണയാണ് യുഎഇയിലെത്തുന്നത്. 

രാവിലെ 9.15ന് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനമിറങ്ങും. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും, കോപ്പ് 28 പ്രസിഡന്‍റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.50നാണ് ഇന്ത്യ യുഎഇ ഉഭയകക്ഷി ചര്‍ച്ച. ഇരുരാജ്യങ്ങളും തമ്മില്‍ രൂപയില്‍ വ്യാപാരം നടത്തുന്നത് സംബന്ധിച്ച് യുഎഇയും ഇന്ത്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കുമെന്നാണ് സൂചനകൾ. 

ഇന്ത്യ യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ പുരോഗതിയും ഇരുനേതാക്കളും വിലയിരുത്തും. ഡല്‍ഹി ഐഐടിയുടെ ഓഫ് ക്യാംപസ് അബുദാബിയില്‍ തുടങ്ങുന്ന കാര്യത്തിലും ധാരണാപത്രം ഒപ്പിടും. ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് യുഎഇയെ ഔദ്യോഗികമായി പ്രധാനമന്ത്രി ക്ഷണിക്കും. ഊര്‍ജം വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പരസ്പരസഹകരണം മെച്ചപ്പെടുത്തുന്നതും ചര്‍ച്ചയാകും. ഉച്ചകഴിഞ്ഞ് 3.15 ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും.