സിബിഐയുടെ വിശ്വാസ്യത കൂടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
3 April 2023

ദില്ലി:സിബിഐയുടെ വിശ്വാസ്യത കൂടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.നീതിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് സിബിഐ.അഴിമതി കാട്ടുന്നത് ഏത് ഉന്നതനായാലും വച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് സിബിഐ നല്‍കുന്നതെന്നും അദ്ദേഹെ പറഞ്ഞു.

സിബിഐയുടെ ഡയമണ്ട് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഴിമതി സിബിഐയുടെ ശത്രുവാണ്.മുന്‍ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരുന്നു.എങ്ങിനെ അഴിമതി നടത്താമെന്നായിരുന്നു അവരുടെ ഗവേഷണം.രണ്ടായിരത്തി പതിനാലിന് ശേഷം അഴിമതി ഇല്ലാതായി.സുതാര്യത സര്‍ക്കാരിന്‍്റെ മുഖമുദ്രയായി.യുപിഎ കാലത്ത് 2G ലേലം അഴിമതിയുടെ മാര്‍ഗമായിരുന്നു.ഈ സര്‍ക്കാരിന്‍്റെ കാലത്ത് 5 G ലേലം സുതാര്യതയുടെ ഉദാഹരണമായി.സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളായ പാവങ്ങളെപ്പോലും കൊള്ളയടിച്ചു.അഴിമതിക്കാര്‍ ഇപ്പോള്‍ അനുഭവിക്കുകയാണെന്നും മോദി പറഞ്ഞു.

അഴിമതിക്കാരില്‍ ഒരാളെ പോലും വെറുതെ വിടില്ല.ശക്തരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.അന്വേഷണ ഏജന്‍സികളെ അപമാനിക്കലാണ് അഴിമതിക്കാരുടെ ഇപ്പോഴത്തെ വിനോദം.അഴിമതിക്കെതിരെ പോരാടാനുള്ള ഇച്ഛാശക്തിയും, രാഷ്ട്രീയശക്തിയും ഈ സര്‍ക്കാരിനുണ്ട്.അഴിമതിയിലൂടെ ഉണ്ടാക്കിയ പണം ഉപയോഗിച്ചാണ് സര്‍ക്കാരിനെതിരെ ഇപ്പോള്‍ ചിലര്‍ നീങ്ങുന്നത്.അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാം.അവരെ തടയാന്‍ ആരും നോക്കേണ്ട.രാജ്യം അന്വേഷണ ഏജന്‍സികള്‍ക്കൊപ്പമെന്നും മോദി വ്യക്തമാക്കി.