ലോകകപ്പ് ഫുട്‌ബോൾ ഖത്തറിൽ; കേരളത്തിലെ വടക്കൻ ജില്ലകളിൽ മുട്ടയ്ക്ക് വിലകൂടി

single-img
18 November 2022

ഖത്തറിലെ ലോകകപ്പ് ഫുട്‌ബോൾ ആരംഭിക്കാനിരിക്കെ കേരളത്തിൽ കോഴിമുട്ടയുടെ വിലയിൽ വർധന. കോഴി മുട്ടയ്ക്ക് ഇപ്പോൾ വടക്കൻ ജില്ലകളിൽ 1 രൂപയിലേറെയും താറാവ് മുട്ടയ്ക്ക് 1 രൂപയുമാണ് അവസാന ഒരു മാസത്തിനിടെ കൂടിയത്. ലോകകപ്പ് അടുത്തതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നും മുട്ടയ്ക്ക് വൻതോതിൽ ഓർഡർ ലഭിച്ചതോടെയാണ് വില ഉയർന്നത്.

കഴിഞ്ഞ മാസം ആദ്യം കേരളത്തിലെ മൊത്ത വിപണിയിൽ 4 രൂപ 55 പൈസയായിരുന്നു ഒരു കോഴി മുട്ടയുടെ വിലയെങ്കിൽ ഇപ്പോൾ 5 രൂപ 70 പൈസയായി. ഇതോടൊപ്പം തന്നെ ചില്ലറ വിൽപ്പന ശാലയിൽ 6 രൂപ 50 പൈസ വരെ ഈടാക്കുന്നുണ്ട്.

താറാവ് മുട്ട ഒന്നിന് 8 രൂപയിൽ നിന്ന് 9 രൂപയായി ഉയർന്നു. ചില്ലറ വിപണിയിൽ 10 രൂപയ്ക്ക് മുകളിൽ താറാവ് മുട്ടയ്ക്ക് വിലയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് തമിഴ്‌നാട്ടിലെ വ്യാപാരികൾക്ക് 5 കോടി കോഴിമുട്ടയാണ് ഓർഡർ ലഭിച്ചിരിക്കുന്നത്. കേരളത്തിലേക്കാവട്ടെ കോഴിമുട്ട എത്തുന്നത് തമിഴ്‌നാട്ടിലെ നാമയ്ക്കലിൽ നിന്നാണ്.

ഓരോ ദിവസവും മൂന്നര കോടിയോളം മുട്ടയാണ് നാമയ്ക്കലിൽ ഉൽപ്പാദിപ്പിക്കുന്നത്. ക്രിസ്മസ് കാലം കൂടി എത്തുന്നതോടെ മുട്ട വില ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. കുട്ടനാട്ടിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയതും താറാവ് മുട്ടയുടെ ലഭ്യത കുറവിന് കാരണമായിട്ടുണ്ട്.