തെളിവില്ല; സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ കേസ് അവസാനിപ്പിക്കാൻ പോലീസ്

single-img
4 December 2022

തെളിവില്ല എന്ന കാരണത്താൽ മുൻ മന്ത്രിയായ സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ കേസ് അവസാനിപ്പിക്കാൻ കേരള പൊലീസിന്റെ നീക്കം. ദേശവിരുദ്ധമായ പ്രസംഗം നടത്തി എന്ന കേസിൽ തെളിവില്ല എന്നാണ് പോലീസ് പറയുന്നത്. ഈ വിവരം അറിയിച്ച് പരാതിക്കാരനായ അഡ്വ. ബൈജു നോയലിന് പൊലീസ് നോട്ടീസ് നൽകി.

അതേസമയം, സജി ചെറിയാനെതിരായ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പൊലീസിന് നിയമോപദേശം നല്‍കിയിട്ടുമുണ്ട്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈഎസ്പിക്കാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയത്.

ജൂലൈ മൂന്നിനു പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍ സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ച സംഭവത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തത്. ഇതിൽ നിലവിൽ ഒരു റഫര്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് തയ്യാറെടുക്കുന്നത്.

സജി ചെറിയാനെതിരെ കേസെടുത്തത് ഏത് വകുപ്പുകള്‍ പ്രകാരമാണോ, അത് തെളിയിക്കുന്നതിനുള്ള എവിഡൻസില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.രാജ്യത്തിന്റെ മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങളെ കുന്തം, കുടച്ചക്രം എന്നാണ് തന്റെ പ്രസംഗത്തിൽ സജി ചെറിയാന്‍ സംബോധന ചെയ്തത്. ഇതായിരുന്നു വിവാദമായത്.